ജിതേഷിന്റെ കരളിന് വേണം സുമനസ്സുകളുടെ കരുതൽ
text_fieldsകാഞ്ഞാണി: ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ജീവൻ നിലനിർത്താൻ കരൾ മാറ്റിവെക്കണം. ഇതിന് സുമനസ്സുകൾ കനിയണം. കാരമുക്ക് വാലപറമ്പിൽ ശങ്കരനാരായണന്റെ മകൻ ജിതേഷാണ് (കണ്ണൻ - 35) ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വിളക്കുംകാൽ സെന്ററിൽ പലചരക്ക് പച്ചക്കറി കട നടത്തിവരുന്ന ജിതേഷിന് മഞ്ഞപ്പിത്തം ബാധിച്ചതാണ് വിനയായത്. ജീവൻ തന്നെ അപകടത്തിലായ അവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സക്കായി പത്തുലക്ഷത്തോളം രൂപ ഇതിനകം ചെലവായി. കരൾ മാറ്റി വെക്കാനും തുടർചികിത്സക്കുമായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും എട്ട് വയസ്സായ മകനുമടങ്ങിയ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക ഏറെ പ്രയാസകരമാണ്. ഇതോടെ ചികിത്സക്കുള്ള തുക കണ്ടെത്താൻ നാട്ടുകാരും സുഹൃത്തുക്കളും മുന്നിട്ടിറങ്ങി ജിതേഷ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകി.
മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ബീന സേവ്യർ ചെയർമാനും ജോയ് മോൻ പള്ളിക്കുന്നത്ത് കൺവീനറും ഷാജി കുറുപ്പത്ത് ട്രഷററും റവന്യൂ മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെൽജി ഷാജു എന്നിവർ രക്ഷാധികാരികളുമാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ടശ്ശാംകടവ് ശാഖയിൽ 0030053000012330 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി: SIBL0000030. 8590501178 നമ്പറിൽ ഗൂഗിൾപേ മുഖേനയും പണം അയക്കാം. വിവരങ്ങൾക്ക് 9747806388 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത്, വൈസ് പ്രസിഡന്റ് ബീന സേവ്യർ, ജോയ് മോൻ പള്ളിക്കുന്നത്ത്, ഷാജി കുറുപ്പത്ത്, ജോസഫ് പള്ളിക്കുന്നത്ത്, വിദ്യാസാഗരൻ കാരയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.