ആലുംപറമ്പിൽ നാട്ടുകാർക്ക് ഭീഷണിയായി പാഴ്മരങ്ങൾ
text_fieldsകാറളം: ആലുംപറമ്പിൽ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന പാഴ്മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ആവശ്യം ശക്തം. മഴയും കാറ്റും കനത്തതോടെ തണല്‍ മരങ്ങളുടെ ഭാരമേറിയ ചില്ലകള്‍ മിക്കതും താഴേക്ക് വളഞ്ഞ് തൂങ്ങി നില്‍ക്കുകയാണ്. സമീപത്തെ ആല്‍മരത്തിന്റെ ശാഖകള്‍ പലതവണ ഒടിഞ്ഞു വീണതായും പരിസരവാസികള്‍ പരാതിപ്പെട്ടു. കാറ്റിലും മഴയിലും മരങ്ങൾ വീണുള്ള അപകട വാർത്തകൾ പതിവാകുമ്പോൾ ജങ്ഷനിലെ കടകള്‍ക്കു മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ ആശങ്കയേറ്റുകയാണ്. വലിയ ശിഖരങ്ങളുമായി നില്ക്കുന്നവയിലേറെയും എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴാൻ സാധ്യത കൂടുതലാണെന്നും നാട്ടുകാർ ഭയപ്പെടുന്നു. ഇതിനു സമീപമാണു കാറളം എ.എല്‍.പി സ്കൂളും അംഗന്‍വാടിയും പെട്രോള്‍ പമ്പും ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത്.
നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. സമീപത്തെ പെട്രോള്‍ പമ്പിലേക്കും നിരവധി വാഹനങ്ങള്‍ വരുന്നുണ്ട്. സ്കൂളിലേക്കും അംഗന്‍വാടിയിലേക്കും കുട്ടികള്‍ ഈ മരച്ചുവട്ടിലൂടെയാണ് നടന്നു പോകുന്നത്. എത്രയും വേഗം അപകടാവസ്ഥയിലുള്ള മരം മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.