''ഞങ്ങൾക്കും വേണം മഴയത്ത് നനയാത്ത, പാമ്പ് കയറാത്ത വീട്''
text_fieldsപഴയന്നൂർ: പഴയന്നൂർ പഞ്ചായത്തിലെ കുമ്പളക്കോട് മാട്ടിൻ മുകൾ ആദിവാസി കോളനിയിലെ 19 കുടുംബങ്ങളാണ് മഴ നനയാതെയും ഇഴജന്തുക്കളെ പേടിക്കാതെയുമുള്ള വീടെന്ന സ്വപ്നവുമായി കഴിയുന്നത്. മിക്ക കുടുംബങ്ങളും തൊഴുത്തിനേക്കാൾ മോശമായ കുടിലിലാണ് കഴിയുന്നത്.
സർക്കാർ ഇവർക്ക് നൽകിയെന്ന് പറയുന്ന വീടുകൾ ഒന്നുപോലും പണിതീർത്തിട്ടില്ല. ഒറ്റ വീടിനുപോലും അടച്ചുറപ്പുള്ള വാതിലോ ജനലുകളോ ഇല്ല. വൃത്തിയുള്ള അടുക്കളയും ശുചിമുറിയും പോയിട്ട് മഴ നനയാതിരിക്കാൻ മേൽക്കൂര പോലുമില്ല. ടാർപോളിൻ ഷീറ്റ് വിരിച്ചാണ് മഴകൊള്ളാതിരിക്കുന്നത്.
''നന്നായി ജീവിക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്'' -രാധ എന്ന വീട്ടമ്മ പറഞ്ഞു. വീടു പണി ഏൽപിച്ച കോൺട്രാക്ടർ തുക തികഞ്ഞില്ലെന്ന് പറഞ്ഞു പാതിവഴിയിൽ പണി നിർത്തിയതാണീ വീടുകൾ. ഒരു വീട്ടിൽ മാത്രമാണ് ശുചിമുറി ഉള്ളത്.
നാലു കാലിൽ ടാർപായ വലിച്ചുകെട്ടി കുടിൽ എന്നു പോലും പറയാൻ പറ്റാത്ത അരിക് മറക്കാത്ത ഷെഡിലാണ് കാർത്യായനിയും മക്കളായ സൗമ്യ, കവിത, കാവ്യ എന്നിവരും കൊച്ചു കുഞ്ഞും കഴിയുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കൊച്ചുകുട്ടിയെ പാമ്പു കടിച്ചിരുന്നു. മഴ ശക്തമായാൽ അതിദയനീയമാണ് ഇവരുടെ ജീവിതം. മണ്ണുകൊണ്ട് ഉണ്ടാക്കിയ തറയിൽ ഈർപ്പം വരുന്നതോടെ കിടക്കാനാവില്ല.അരികു മറക്കാത്തതിനാൽ മഴ അടിച്ച് ഉള്ളിലേക്ക് കയറും.
ഇടിവെട്ടുമ്പോൾ മാത്രമാണ് പണി തീരാത്ത വീടിെൻറ ചോരാത്ത മൂലയിലേക്ക് കയറി നിൽക്കുന്നത്. ഇവർക്ക് വേണ്ടി ശബ്ദിക്കാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇല്ല. സംവരണ മണ്ഡലത്തിലെ സംവരണ വിഭാഗങ്ങൾ മൃഗതുല്യരായി കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഇവരെ പറഞ്ഞു പറ്റിക്കാൻ വാഗ്ദാനങ്ങളുമായി രാഷ്ട്രീയക്കാർ ഇവിടെ കയറിയിറങ്ങും.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അതും തീർന്നു. കുട്ടികളുടെ ഓൺലൈൻ പഠനവും അസൗകര്യത്താൽ പ്രതിസന്ധിയിലാണ്. ഏതാനും വീടുകളിൽ മാത്രമാണ് വൈദ്യുതി ഉള്ളത്. ഭക്ഷണത്തിന് റേഷൻ ലഭിക്കുമെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് പുറത്തു പണിക്ക് പോയാണ് വരുമാനം കണ്ടെത്തിയിരുന്നത്.
ഇപ്പോൾ പുറം പണികൾ ലഭിക്കുന്നില്ലെന്ന് ഓമന പറഞ്ഞു. മുമ്പ് കാട്ടിൽ നിന്ന് പച്ചമരുന്നുകൾ പറിച്ചു വിറ്റിരുന്നെങ്കിലും ഇപ്പോൾ അതും കിട്ടാനില്ല. പ്ലാച്ചിൻ വള്ളി പറിച്ച് ഒരു ചാൺ നീളത്തിൽ മുറിച്ച് 108 എണ്ണം കെട്ടി നൽകിയാൽ പൂജക്ക് വേണ്ടി 20 രൂപക്ക് വാങ്ങാൻ ആളെത്തും. ഇതാണിപ്പോൾ ഇവരുടെ ഏക വരുമാന മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.