ട്രിപ്ൾ ലോക്ക്; കർഷകർക്ക് കൊലച്ചതി
text_fieldsആമ്പല്ലൂര്‍: ട്രിപ്ള്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ കച്ചവടം നടക്കാതെ വി.എഫ്.പി.സി.കെയുടെ കീഴിലുള്ള ആമ്പല്ലൂരിലെ സ്വാശ്രയ കര്‍ഷക സമിതിയില്‍ കായകള്‍ കെട്ടികിടക്കുന്നു. ടണ്‍ കണക്കിന് കായകളാണ് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കെട്ടികിടക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കുന്ന ഇവിടെ 10 ടണ്ണിലേറെ കായകളാണ് കച്ചവടം നടക്കാറുള്ളത്.
പല ഭാഗങ്ങളില്‍ നിന്നെത്തുന്ന ചെറുകിട കച്ചവടക്കാരാണ് ഇവിടെ നിന്ന് കായകള്‍ കൊണ്ടുപോകാറുള്ളത്. ട്രിപ്ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും പൊലീസ് പരിശോധന കര്‍ശനമാക്കിയതും കച്ചവടക്കാര്‍ക്ക് ഇവിടേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയായി.
ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം കടകള്‍ തുറന്നാല്‍ മതിയെന്ന നിര്‍ദേശം വന്നതോടെ പലരും ഉല്പന്നങ്ങള് വാങ്ങി സൂക്ഷിക്കാന്‍ മടി കാണിക്കുന്നതും കായ കച്ചവടം നടക്കാതിരിക്കാന്‍ കാരണമായി.
150 ഓളം കര്‍ഷകരാണ് സ്വാശ്രയ സമിതിയില്‍ ഉല്പന്നങ്ങള് എത്തിക്കുന്നത്. അളഗപ്പനഗര്‍, നെന്മണിക്കര, പുതുക്കാട് പഞ്ചായത്തിലെ സ്ഥിരം കര്‍ഷകരും മറ്റിടങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകരുമാണ് ഇവിടേക്ക് കായയും മറ്റ് പച്ചക്കറികളും എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം 50 രൂപ കിലോക്ക് വിറ്റ നേന്ത്രക്കായ ട്രിപ്ള്‍ ലോക്ഡൗണ്‍ വന്നതോടെ 35 രൂപക്കാണ് കച്ചവടം നടന്നത്.
വില കുറഞ്ഞിട്ടും കായ വാങ്ങാന്‍ ആളില്ലാതായതോടെ കര്‍ഷകര്‍ക്ക് തിരികെ കൊടുത്തുവിടേണ്ട അവസ്ഥയിലാണ് അധികൃതര്‍. കാര്‍ഷിക ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.