മുൻ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മുക്കുപണ്ടം പണയകേസിൽ അറസ്റ്റിൽ
text_fieldsപ്രീതി
തൃപ്രയാർ: മുൻ കുറി ഇടപാട് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് സ്വദേശി ഏറാട്ട് പ്രീതിയെയാണ് (50) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തിയാണ് മൂന്നര ലക്ഷം രൂപ തട്ടിയത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെരിഞ്ഞനത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
2013 ൽ 15 കോടിയോളം രൂപ കുറിയിടപാട് നടത്തി തട്ടിപ്പ് നടത്തിയ കേസിലും ഇവർ പ്രതിയാണ്. അന്ന് വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് പ്രീതി മുങ്ങിയത്. ചുരുങ്ങിയ ദിവസത്തിൽ വൻതുക ലഭിക്കുമെന്ന പ്രീതിയുടെ വാഗ്ദാനത്തിൽ മണപ്പുറത്തെ വ്യാപാരികളടക്കം നിരവധി പേരാണ് കുടുങ്ങിയത്. ഒറ്റക്ക് അനധികൃതമായി ചെറിയ കുറിയായി തുടങ്ങി മണപ്പുറത്തെ വലിയ പണമിടപാടുകാരിയായി വളരുകയായിരുന്നു. പണം ആവശ്യത്തിനു ലഭിക്കാതായപ്പോൾ പലരും പൊലീസിൽ പരാതി നൽകി. ഇതോടെ വഞ്ചിതരായവർ ഒത്തുകൂടി ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിച്ചു വരുന്ന പലിശ ഇടപാടുകാരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു.
പിന്നീട് അത് നിർജീവമായി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐമാരായ സദാശിവൻ, വിനോദ് കുമാർ, ഉണ്ണി, സീനിയർ സി.പി.ഒ മനോജ്, സി.പി.ഒ സനില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.