ഇന്ന് ലോക ജലദിനം; കരുതലിന്‍റെ ഉറവ വറ്റാത്ത കുടിനീർ വിതരണം
text_fieldsതൃപ്രയാർ: കേവലം ജല ദിനാചരണത്തിൽ ഒതുങ്ങുന്നില്ല ഈ സേവനം. തീരമേഖലയിൽ എവിടെയെല്ലാം കുടിവെള്ള ക്ഷാമമുണ്ടോ അവിടെയെല്ലാം വെള്ളം എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഒരു സംഘമുണ്ട്, മണപ്പുറത്ത്. വലപ്പാട് സ്വദേശിയും ദുബൈ ആസാ ഗ്രൂപ് എം.ഡിയുമായ സി.പി. സ്വാലിഹ് നേതൃത്വം നൽകുന്ന സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് രണ്ട് പതിറ്റാണ്ടായി വേനലിൽ കുടിവെള്ള വിതരണം നടത്തുന്നത്.
തീരദേശത്തെ ജനങ്ങളുടെയെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന ലക്ഷ്യത്തിൽ വാഹനത്തിൽ ടാങ്ക് വെച്ചാണ് വിതരണം. ഒരു വാഹനത്തിൽ തുടങ്ങിയ വിതരണം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ 20 വാഹനങ്ങളിലായി ദിനേന ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് ഒരോ വീട്ടുപടിക്കലേക്കും എത്തിക്കുന്നത്. സ്വാലിഹിന്‍റെ വീട്ടുവളപ്പിലെ കിണറിൽനിന്ന് സമൃദ്ധിയായി ലഭിക്കുന്ന വെള്ളം ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ ശുദ്ധീകരിച്ചാണ് എത്തിക്കുന്നത്. വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ 2000 ലിറ്ററിന്‍റെ ആറ് ടാങ്കുകൾ സ്ഥാപിച്ച് ദിവസവും വെള്ളം നിറച്ച് ആവശ്യക്കാർക്ക് നൽകുന്ന സ്ഥിരം സംവിധാനവും വിജയം കണ്ടു.
രാവിലെ ഏഴ് മണിയോടെ ട്രസ്റ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ തുടങ്ങുന്ന വിതരണം വൈകീട്ട് ഏഴ് മണി വരെ നീളും. സ്വാലിഹിനൊപ്പം പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയുടെ വിജയം കൂടിയാണ് ഈ സംരംഭം. ഹിലാൽ കുരിക്കൾ, നൗഷാദ് ആറ്റുപറമ്പത്ത്, ടി.എം. നിസാബ്, ഷെമീർ എളേടത്ത്, ഇ.ഡി. ദീപക്, ഷെഫീഖ് അറക്കൽ, ഷൈജു കാനാടി, ബൈജു നെല്ലിക്കത്തറ, വിൻസൻന്‍റ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.