തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയ ആദ്യ പ്രധാനമന്ത്രി
text_fieldsതൃപ്രയാർ: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തിയ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തൃപ്രയാറിൽ ദർശനം നടത്തി അനുഗ്രഹം തേടുന്നത് ഉചിതമായിരിക്കുമെന്ന ക്ഷേത്രം തന്ത്രിയുടെ അഭ്യർഥന സ്വീകരിച്ചാണ് മോദി തൃപ്രയാറിൽ എത്തിയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ പ്രധാനമന്ത്രി മറ്റ് വഴിപാടുകള്‍ക്ക് പുറമെ വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. 1.25 മണിക്കൂർ അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. ഒമ്പതിന് ശേഷം ആരെയും പ്രവേശിപ്പിച്ചില്ല. തന്ത്രി പടിഞ്ഞാറെ മനയിൽ തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരി അടക്കം അഞ്ച് പേര് മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നത്. എസ്.പി.ജിയുടെയും കേരള പൊലീസിന്റെയും കർശന നിയന്ത്രണത്തിലായിരുന്നു ക്ഷേത്ര പരിസരം.
പ്രധാന വഴിപാടായ വെടിവഴിപാടിന് അനുമതിയുണ്ടായില്ല. 10.05ന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി 11.30നാണ് പുറത്തിറങ്ങിയത്. 11.50ന് വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്ന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോയി. ഗുരുവായൂരിൽനിന്നാണ് പ്രധാനമന്ത്രി തൃപ്രയാറിൽ എത്തിയത്. സ്വീകരിക്കാന്‍ വഴിനീളെ ബി.ജെ.പി പ്രവര്‍ത്തകര്‍ കാത്തുനിന്നു. ഹെലിപ്പാഡിൽനിന്ന് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് സഞ്ചരിച്ച കാറില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വരവേറ്റത്.
നരേന്ദ്ര ദാമോദർ ദാസ് മോദി; അനിഴം നക്ഷത്രം
തൃപ്രയാർ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വിവിധ വഴിപാടുകൾ നടത്തി. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനനും കമീഷണർ അനിൽകുമാറും ചേർന്നാണ് സ്വീകരിച്ചത്. ഉപദേവന്മാരായ ഗണപതി, ശാസ്താവ്, ഗോശാല കൃഷ്ണൻ എന്നിവർക്ക് അഭിഷേകത്തിന് മോദി വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പിച്ചു. തൃപ്രയാർ തേവരുടെ പ്രധാന വഴിപാടായ താമര മൊട്ടും തുളസിയും നൽകി. പ്രധാനമന്ത്രിയുടെ ജന്മ നക്ഷത്രമായ അനിഴം നാളിൽ പുഷ്പാഞ്ജലിയും മീനൂട്ടും നടത്തി. ദീപം തെളിച്ചു.
രാമമന്ത്രങ്ങൾ അടങ്ങിയ പത്രിക ക്ഷേത്രം തന്ത്രി പടിഞ്ഞാറെമന തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് ‘വേദിക് ശാന്തി’ രാമ ഭജന കേട്ട് 15 മിനിറ്റോളം താളം പിടിച്ചും കൈകൊട്ടിയും ചെലവഴിച്ചു. ആറാട്ടുപുഴ പൂരത്തിന് പോകാൻ പള്ളിയോടത്തിൽ തേവർ പുഴ കടക്കുന്നതിന്റെ മാതൃക ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട നിവേദനവും അദ്ദേഹം നൽകി.
ക്ഷേത്ര പരിപാടികൾ കഴിഞ്ഞ് പുറത്തിറങ്ങി പടിഞ്ഞാറേ നടയിലെ ഭണ്ഡാരം വരെ കാറിൽ സഞ്ചരിച്ച് പുറത്തിറങ്ങി. കാത്തുനിന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാൻ കാറിന്റെ ഫൂട്ട് റെസ്റ്റിൽ കയറി നിന്ന് പോളിടെക്നിക് ജങ്ഷൻ വരെ 400 മീറ്ററോളം സഞ്ചരിച്ചു. അവിടെ നിന്നും കാറിൽ കയറി വലപ്പാട് ഹെലിപ്പാഡിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.