കോവിഡില്ലെങ്കിലും ബാലറ്റ് പേപ്പർ കാത്തിരിക്കുകയാണ് ജ്യോതി ബാസു
text_fieldsതൃപ്രയാർ: തനിക്കോ കുടുംബത്തിനോ കോവിഡ് പിടിപെടുകയോ നിരീക്ഷണത്തിലിരിക്കേണ്ടിവരുകയോ വന്നിട്ടില്ലാത്ത വോട്ടർ പോളിങ് ബൂത്തിൽ വോട്ടുചെയ്യാൻ എത്തിയപ്പോൾ വോട്ടുചെയ്യാൻ പറ്റില്ലെന്ന് പ്രിസൈഡിങ് ഓഫിസർ. കാരണമറിഞ്ഞപ്പോൾ വോട്ടുചെയ്യാൻ വന്നയാൾ മാത്രമല്ല, പോളിങ് ഏജൻറുമാരും ഞെട്ടി. വോട്ടറുടെ പേര് കോവിഡ് പട്ടികയിലാണ്. തപാൽ വോട്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ വോട്ടറായ വലിയപറമ്പിൽ ജ്യോതി ബാസുവിനെയാണ് കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ധർമ വിലാസം സ്കൂളിൽ വോട്ടുചെയ്യാനെത്തിയപ്പോഴാണ് ജ്യോതിബാസു കാര്യമറിഞ്ഞത്. തനിക്കോ വീട്ടുകാർക്കോ കോവിഡ് വരുകയോ നിരീക്ഷണത്തിലിരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞുനോക്കിയെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. പോളിങ് ഏജൻറുമാരും ജ്യോതിബസുവിനെ പിന്തുണച്ചു.
പ്രിസൈഡിങ് ഓഫിസർ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ തപാൽ വോട്ട് നിർദേശിച്ചത് മാറ്റാൻ പറ്റില്ലെന്നാണ് പറഞ്ഞതത്രെ. തപാൽ ബാലറ്റ് വരുന്നതു കാത്തിരിക്കുകയാണിദ്ദേഹം. തന്നെ അനഭിമതനാക്കാൻ താൻ പ്രവർത്തിച്ചുവന്നിരുന്ന പാർട്ടിയും ആരോഗ്യവകുപ്പിലെ അവരുടെ ആളുകളുമാണ് തന്നെ കോവിഡിെൻറ ചുവപ്പു കുരുക്കിൽപെടുത്തിയതെന്ന് ജ്യോതി ബാസു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.