തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നാട്ടികയിലും ചൊവ്വന്നൂരിലും കോൺഗ്രസ്; കൊടുങ്ങല്ലൂർ നിലനിർത്തി ബി.ജെ.പി
text_fieldsതൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
കോൺഗ്രസിലെ പി. വിനുവാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം സ്ഥാനാർഥി വി. ശ്രീകുമാറിനെ 115 വോട്ടിനാണ് വിനു പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1107 വോട്ടിൽ പി. വിനു - 525, വി. ശ്രീകുമാർ -410, ജ്യോതിദാസ് (ബി.ജെ.പി) -172 എന്നിവയാണ് ലഭിച്ച വോട്ടുകൾ. 14 അംഗ ഭരണസമിതിയിൽ സി.പി.എം -ആറ്, യു.ഡി.എഫ് -അഞ്ച്, ബി.ജെ.പി -മൂന്ന് എന്നിവയായിരുന്നു കക്ഷിനില.
സി.പി.എം അംഗങ്ങളാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നത്. സി.പി.എം അംഗം കെ.ബി. ഷൺമുഖന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തതോടെ സി.പി.എമ്മിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.
കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ പൂശപ്പിള്ളിയിലേക്ക് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം സെബി മണ്ടുമ്പാൽ 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന സി.കെ. ജോണിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
സെബി മണ്ടുമ്പാലിന് 404 വോട്ട് ലഭിച്ചപ്പോൾ സി.പി.എം സ്ഥാനാർഥിക്ക് 379 വോട്ടും ബി.ജെ.പിക്ക് 69 വോട്ടുമാണ് ലഭിച്ചത്. ചൊവ്വന്നൂരിൽ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരണം. ചൊവ്വന്നൂരിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
കൊടുങ്ങല്ലൂർ: ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തിയ ബി.ജെ.പിയുടെ ഭൂരിപക്ഷം ഇടിഞ്ഞു. നഗരസഭയിലെ ചേരമാൻ ജുമാ മസ്ജിദ് 41ാം വാർഡിൽ തുടർച്ചയായ നാലാം തവണയും വിജയം നേടിയ എൻ.ഡി.എയുടെ ബി.ജെ.പി സ്ഥാനാർഥി ഗീതാറാണി 66 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ആകെ പോൾ ചെയ്ത 603 വോട്ടിൽ ഗീതാറാണി 269 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി പി.യു. സുരേഷ് കുമാർ 203 വോട്ടും മൂന്നാം സ്ഥാനത്ത് വന്ന എൽ.ഡി.എഫിലെ ജി.എസ്. സുരേഷ് 131 വോട്ടുമാണ് നേടിയത്. 642 വോട്ട് പോൾ ചെയ്ത 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 210 വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാൾ 98 വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് 46 വോട്ടും എൽ.ഡി.എഫിന് 13 വോട്ടും കൂടുതൽ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി -367, യു.ഡി.എഫ് -157, എൽ.ഡി.എഫ് -118 എന്നിങ്ങനെയായിരുന്നു വോട്ടുനില.
തെരഞ്ഞെടുപ്പ് ഫലം നഗരസഭ ഭരണത്തിൽ മാറ്റങ്ങളുണ്ടാക്കില്ല. വിജയം നേടിയ ബി.ജെ.പി സ്ഥാനാർഥിയും പ്രവർത്തകരും നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായ കെ.എസ്. വിനോദ്, ടിഎസ്. സജീവൻ, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.