സ്നേഹത്തണലിന്റെ സാന്ത്വനത്തിൽ രമേഷിന് ഇനി സൈക്കിൾ ചവിട്ടാം
text_fieldsതൃപ്രയാർ: സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ കൃത്രിമകാലിൽ രമേഷ് സൈക്കിളോടിച്ചു തുടങ്ങി. എടത്തിരുത്തി കല്ലുംകടവിൽ താമസിക്കുന്ന ചേർപ്പുകാരൻ രമേഷാണ് കാൽ മുറിച്ചുകളയേണ്ടി വന്നതിനാൽ നടക്കാനും യാത്ര ചെയ്യാനുമാകാതെ കഴിഞ്ഞു കൂടിയിരുന്നത്.
കെട്ടിട നിർമാണത്തൊഴിലാളിയായിരുന്ന രമേഷിന്റെ ജീവിതത്തിൽ പ്രമേഹം വില്ലനായത് മൂന്ന് വർഷം മുമ്പാണ്. പ്രമേഹം മൂർച്ഛിച്ചു ശരീരം തളർന്നപ്പോൾ പണിക്ക് പോകാൻ പറ്റാതായി. രമേഷിനെ നോക്കി വീട്ടിലിരിക്കേണ്ടതിനാൽ ഭാര്യക്കും ജോലിക്ക് പോകാൻ പറ്റാതായി. പ്രായപൂർത്തിയാകാത്ത മകനും മകളും ജോലിക്കൊന്നും പോകാറായിട്ടില്ല. വർഷകാലമായാൽ ദുരിതം ഇരട്ടിയാകും. വീടിനകത്ത് വരെ വെള്ളം കയറുന്ന സ്ഥിതിയാണ്.
പ്രതിസന്ധികൾക്കിടയിൽ 2020 ഡിസംബറിൽ പ്രമേഹം മൂർച്ഛിച്ചു രക്തം വാർന്നൊലിക്കുന്ന കാലുമായി രമേഷിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ വലതുകാൽ മുറിച്ചുകളയണമെന്ന് ഡോക്ടർമാർ വിധിച്ചു.
കാൽ മുറിച്ച് രമേഷ് തീർത്തും കിടപ്പിലായപ്പോൾ കുടുംബത്തിന്റെ അവസ്ഥ വല്ലാത്ത പരുങ്ങലിലായി. ഒരു കൃത്രിമക്കാൽ ഘടിപ്പിച്ചാൽ നടക്കാൻ സാധിക്കുമെന്ന് കേട്ടിരുന്നെങ്കിലും കുടുംബത്തിന് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകർ രമേഷിന്റെ ദുരിതം നേരിൽ കാണാനിടയായി. പെട്ടെന്നു തന്നെ കൃത്രിമക്കാൽ സംഘടിപ്പിച്ചു നൽകുകയായിരുന്നു.
സാധാരണ ഗതിയിൽ കൃത്രിമക്കാലുമായി പൊരുത്തപ്പെടാൻ ഏതാനും മാസങ്ങൾ വേണമെന്നിരിക്കേ ഒരു മാസത്തിനുള്ളിൽത്തന്നെ രമേഷ് നടക്കുവാനും സൈക്കിൾ ചവിട്ടാനും തുടങ്ങി. തങ്ങളുടെ പുതുജീവിതത്തിന് സ്നേഹത്തണൽ അധികൃതരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് രമേഷും കുടുംബവും പറയുന്നത്. നിർമാണ ജോലിക്ക് തുടർന്ന് പോകാൻ കഴിയില്ലെന്നിരിക്കെ ലോട്ടറി വിൽപന നടത്തി ഉപജീവനം കഴിക്കണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.