തൃപ്രയാർ ഏകാദശി: തെരുവോരങ്ങൾ സജ്ജം
text_fieldsതൃപ്രയാർ: കോവിഡിന്‍റെ പിടിയിൽ രണ്ട് വർഷം മന്ദീഭവിച്ച ഏകാദശി ആഘോഷത്തോടനുബന്ധിച്ച് തൃപ്രയാറിന്‍റെ തെരുവോരങ്ങൾ നിറഞ്ഞു തിളങ്ങി. ഞായറാഴ്ച നടക്കുന്ന ഏകാദശി ദിവസത്തെ കച്ചവടത്തിനായി ഒരാഴ്ചയോളമായി ഒരുക്കം നടന്നുവരുന്നു.
കിഴക്കേ നട മുതൽ തൃപ്രയാർ ജങ്ഷൻ വരെ ഒരു കിലോമീറ്ററോളം റോഡിനിരുവശത്തും സൗന്ദര്യവത്കരണത്തോടെ താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ തയാറായി.
ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, ബലൂണുകൾ, പൊരി, ഈത്തപ്പഴം, ഉഴുന്നുവട, മധുര സേവ, ഹൽവ എന്നിവയും ഏകാദശിയുടെ പ്രത്യേക വിൽപന ചരക്കായ കരിമ്പ്, ചേമ്പ്, കാവത്ത് എന്നിവ ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കളുടെ വിൽപന കേന്ദ്രങ്ങളുമാണ് ഒരുങ്ങിയത്. വലിയ ഊഞ്ഞാലുകളും മോട്ടോർ ബൈക്കുകളുടെ മരണക്കിണറും ഉല്ലാസത്തിനു വേണ്ടി സജ്ജമായിക്കഴിഞ്ഞു. ശനിയാഴ്ച ഏകാദശിയുടെ തലേ ദിവസം ദശമി വിളക്കെഴുന്നള്ളിപ്പ് കാണാൻ പതിനായിരങ്ങളെത്തും.
തൃപ്രയാർ ഏകാദശി നാളെ
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഞായറാഴ്ച ആഘോഷിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് 25 സംഗീതഞ്ജർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ മൂന്നുദിവസമായി നടന്നുവന്ന സംഗീതോത്സവം സമാപിക്കും. തുടർന്ന് നൃത്തനൃത്ത്യങ്ങളും ഉണ്ടാകും. വൈകീട്ട് മൂന്നരക്ക് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിക്കും.
വൈകീട്ട് ആറിന് കിഴക്കേ നടപുരയിൽ ദീപാരാധന, സ്പെഷൽ നാഗസ്വര കച്ചേരി, സീതാസ്വയംവരം കഥകളി, ശ്രീരാഘവീയം (ശ്രീരാമകഥ) നൃത്താവിഷ്കാരം എന്നിവ ഉണ്ടാകും. രാത്രി പത്തിന് ദശമി വിളക്ക് എഴുന്നള്ളിപ്പ് നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് പഞ്ചാരിമേളത്തിൽ ശീവേലി എഴുന്നള്ളിപ്പോടെ ഏകാദശി പരിപാടികൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.