മഴയിലലിഞ്ഞ് പൂരനഗരി
text_fieldsതൃശൂർ: പൂരമണ്ണിനും ആസ്വാദകർക്കും കുളിർമ സമ്മാനിച്ച് വേനൽമഴ പെയ്തിറങ്ങി... വൈകുന്നേരങ്ങളിൽ പ്രദർശനം കാണാനും വർണപ്പന്തലും അണിഞ്ഞൊരുങ്ങിയ നഗരവും കാണാൻ ഒഴുകിയെത്തിയവരെ മഴയാണ് വരവേറ്റത്. തേക്കിൻകാട്ടിൽ തേച്ചുകുളികഴിഞ്ഞെത്തി നിരന്ന് നിൽക്കുന്ന കരിവീരൻമാരുടെ ചന്തം... സ്വരാജ് റൗണ്ടിൽ തലയുയർത്തി പ്രഭചൊരിഞ്ഞ് പന്തലുകൾ.... പ്രദക്ഷിണ വഴികളിൽ പൂവിതറുന്ന മരങ്ങളിൽ ദീപങ്ങൾ പൂക്കളായി... അങ്ങനെ കാഴ്ചകളേറെയാണ് പൂരനഗരിയിൽ....
ആളുകൾ പൂരനഗരിയിൽ കൂടിയതോടെ മഴത്തുള്ളികളും ആവേശത്തോടെ നിലത്തേക്ക് ഉതിർന്നു വീണുകൊണ്ടിരുന്നു... ഘടകപൂരങ്ങളുടെ വരവും ഇലഞ്ഞിത്തറമേളവും മഠത്തിൽവരവും കുടമാറ്റവും വെടിക്കെട്ട് കാഴ്ചകളും മഴ കവരുമോയെന്ന ആശങ്കയുണ്ടെങ്കിലും മഴയൊഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പൂരാസ്വാദകർ. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറിയെത്തിയ നെയ്തലക്കാവ് ഭഗവതി തുറന്നിട്ട ഗോപുരവാതിലിലൂടെ ഇനി പൂരങ്ങളുടെ കയറ്റിറക്കം....
മേളപ്പെരുക്കങ്ങളും കുടമാറ്റവും വെടിക്കെട്ട് വിസ്മയങ്ങളും സമന്വയിക്കുന്ന പൂരം ഇന്നാണ്. പഞ്ചവാദ്യ-പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ ഇത്തവണ കിഴക്കൂട്ട് അനിയൻമാരാരുടെ അരങ്ങേറ്റ പ്രമാണത്തിൽ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം.
അഞ്ചരയോടെയാണ് എണ്ണാനാവാത്ത വിധം സാക്ഷിയാകുന്ന ഇരുഭഗവതിമാരുടേയും കൂടിക്കാഴ്ചയും കുടമാറ്റവും.
ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. പൂരത്തെ ആകർഷകമാക്കുന്ന ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും.
പുലർകാലം മുതൽ ഘടകപൂരങ്ങളുടെ വരവാണ്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് പൂരനഗരിയിൽ ആദ്യമെത്തുക. കണിമംഗലം എഴുന്നള്ളിപ്പ് തെക്കേ ഗോപുരം വഴിയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.
ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനീ ദേവി, ചൂരക്കോട്ടുകാവ് ദുർഗാദേവി, അയ്യന്തോൾ കാർത്യായനീ ദേവി, കുറ്റൂർ നെയ്തലക്കാവ് ഭഗവതി എന്നീ അഞ്ച് ദേശക്കാർ പടിഞ്ഞാറേ ഗോപുരം വഴി പ്രവേശിച്ച് തെക്കേ ഗോപുരം വഴിയാണ് ഇറങ്ങുക.
കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ ശാസ്താവും ചെമ്പൂക്കാവ് കാർത്യായനി ഭഗവതിയും കിഴക്കേ ഗോപുരം വഴി പ്രവേശിച്ച് തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങും.
സ്ത്രീകൾക്ക് സുരക്ഷയൊരുക്കി പിങ്ക് പൊലീസ്
തൃശൂർ: പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ കേന്ദ്രങ്ങളൊരുക്കി പൊലീസിന്റെ പിങ്ക് പൊലീസ്. പൂരം കാണാനെത്തുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമായി സ്വരാജ് റൗണ്ടിനു സമീപങ്ങളിലായാണ് പിങ്ക് സുരക്ഷിത കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
സിറ്റി സെന്റർ, സി.എം.എസ് സ്കൂൾ, വടക്കേ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, എ.ആർ മേനോൻ റോഡിലെ കെസ് ഭവൻ, ബാനർജി ക്ലബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നായ്കനാൽ ബ്രാഞ്ച്, സെന്റ് തോമസ് സ്കൂളിനുസമീപത്തെ സി.എസ്.ബി ബാങ്ക് എന്നിവിടങ്ങളിലാണ് പിങ്ക് പൊലീസ് സുരക്ഷിത കേന്ദ്രങ്ങൾ.
പൂരം പൊലീസ് ഹെൽപ്പ്ലൈൻ: 8086100100, പൂരം കൺട്രോൾ റൂം: 0487 2422003, തൃശൂർ സിറ്റി വനിത പൊലീസ് സ്റ്റേഷൻ : 0487 2420720, പൊലീസ് കൺട്രോൾ റൂം : 0487 2424193
വിപുല സൗകര്യങ്ങളുമായി റെയിൽവേ
തൃശൂർ: പൂരത്തിന് വിപുലമായ സൗകര്യങ്ങളുമായി റെയിൽവേ. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, മംഗലാപുരം-നാഗർകോവിൽ പരശുറാം എന്നീ ട്രെയിനുകൾക്ക് ഇരുദിശകളിലും പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ 16305 എറണാകുളം-കണ്ണൂർ ഇന്റർ സിറ്റി രാവിലെ 7.19നും 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം ഉച്ചയ്ക്ക് 12.31നും 16649 മംഗലാപുരം-നാഗർകോവിൽ പരശുറാം ഉച്ചയ്ക്ക് 11.54നും 16306 കണ്ണൂർ-എറണാകുളം ഇന്റർസിറ്റി വൈകീട്ട് 18.28നും പൂങ്കുന്നത്ത് നിർത്തും. പൂരത്തിരക്കൊഴിവാക്കി യാത്രചെയ്യുന്നതിന് ഈ സൗകര്യം ജനങ്ങളെ സഹായിയ്ക്കും. അതിനുപുറമെ തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചന കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പൂരംകണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിങ് ഓഫിസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും മേയ് ഒന്നിന് വെളുപ്പിന് മൂന്ന് മുതൽ രാവിലെ 11 വരെ പ്രവർത്തിയ്ക്കും. ദിവാൻജി മൂലമുതൽ തൃശൂർ സ്റ്റേഷനിലേയ്ക്ക് കൂടുതൽ വെളിച്ചവും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.