തൃപ്രയാറിലും പരിസരങ്ങളിലും കക്കൂസ് മാലിന്യമൊഴുകുന്നു
text_fieldsകക്കൂസ് മാലിന്യമൊഴുകുന്ന തൃപ്രയാറിലെ അഴുക്കുചാൽ
തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ കാനകളിലൊഴുകുന്നത് കക്കൂസ് മാലിന്യം. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് തുറന്നപ്പോഴാണ് സെപ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ ഒഴുകുന്നത് കണ്ടെത്തിയത്.
ഈ മലിനജലം വീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിവരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. നൂറുകണക്കിന് തൊഴിലാളികളാണ് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജോലിചെയ്യുന്നത്.
ഇവരുടെ വാസസ്ഥലത്തുനിന്നുള്ള വിസർജ്യ മാലിന്യവും ഈ കാനകളിലേക്കാണ് ഒഴുക്കിവിടുന്നത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അശാസ്ത്രീയമായ അഴുക്കുചാൽ നിർമാണത്തിന്റെ ഫലമായി മലിനജലം ഒഴുകി പോകാതെ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്നത് സ്ഥിതി അതി ഗുരുതരാവസ്ഥയിലാക്കുകയാണ്.
പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കലക്ടറും ഡി.എം.ഒയും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ആവശ്യപ്പെട്ടു.
നാട്ടിക സെൻറർ തുടങ്ങി തെക്കോട്ടൊഴുകുന്ന അങ്ങാടി തോട് ഹൈവേ നിർമാണത്തിന്റെ ഭാഗമായി മൂടിപ്പോയിട്ടുണ്ട്. ഇതുമൂലം കിഴക്ക് വശത്തുള്ള എസ്.എൻ ട്രസ്റ്റ് സ്കൂൾ, ടി.എസ്.ജി.എ സ്റ്റേഡിയം, കാക്കനാട്ട് കോളനി റോഡ്, തൃപ്രയാർ ജങ്ഷൻ എന്നിവിടങ്ങളിലെ തോടുകളാണ് മൂടിപ്പോയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.