വവ്വാൽ കടന്നൽക്കൂട് ഇളക്കി; കുത്തേറ്റ് 24 പേർക്ക് പരിക്ക്, വയോധികൻ കുളത്തിൽ ചാടി
text_fieldsഅന്തിക്കാട്: വവ്വാൽ റാഞ്ചിയതോടെ ഇളകിയ കടന്നൽക്കൂട്ടിൽനിന്ന് പറന്ന കടന്നലുകളുടെ കുത്തേറ്റ് മരണവീട്ടിൽ വന്നവരടക്കം 24 പേർക്ക് പരിക്ക്. പുത്തൻപീടികയിൽ കുരുതുകുളങ്ങര ചാക്കോ, തണ്ടാശ്ശേരി അരുൺ, പത്ര ഏജൻറ് പടിഞ്ഞാറത്തല വിജോ, വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് എന്നിവർക്കും മരണവീട്ടിൽ വന്ന 20ഓളം പേർക്കുമാണ് കുത്തേറ്റത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെ പുത്തൻപീടിക ആയുർവേദ ആശുപത്രി റോഡിലെ യതീന്ദ്രദാസിെൻറ വീട്ടുപറമ്പിലെ പ്ലാവിലെ ഭീമൻ കൂടാണ് ഇളകിയത്. മരത്തിനു മുകളിലെ കൊമ്പിലാണ് ആറടിയോളം നീളത്തിലും വീതിയിലും ഏതാനും ദിവസം മുമ്പ് കൂട് പ്രത്യക്ഷപ്പെട്ടത്. കാട്ടുകടന്നൽ ഇനത്തിൽപ്പെട്ടതാണിത്.
വവ്വാൽ റാഞ്ചിയതോടെ കൂട് ഇളകി. ഇതുവഴി പോയ വയോധികനായ കുരുതുകുളങ്ങര ചാക്കോയെയാണ് ആദ്യം ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ വിജോ ചൂൽകൊണ്ട് കടന്നൽക്കൂട്ടത്തെ അടിച്ചകറ്റി ചാക്കോയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടന്നൽക്കൂട്ടം വിജോക്കു നേരെയും തിരിഞ്ഞു.
കടന്നൽ വീണ്ടും ഇളകി വന്നതോടെ ചാക്കോ അടുത്തുള്ള കുളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. വിജോ വീടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അടച്ച് രക്ഷപ്പെട്ടു. ചാക്കോക്ക് ശരീരത്തിെൻറ പലയിടത്തും കുത്തേറ്റു. വിജോക്ക് പുറത്താണ് കുത്തേറ്റത്.
ചാക്കോയെ ആദ്യം പാദുവ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തെ മരണവീട്ടിലേക്ക് വന്നവരേയും കടന്നൽ ആക്രമിച്ചു. കുത്ത് കൊണ്ട എല്ലാവരും ഓടി രക്ഷപ്പെട്ടു. പുറത്തും തലയിലുമാണ് കുത്തേറ്റത്.
സമീപത്തെ വീട്ടിലെ ആറ് പ്രാവുകൾ കടന്നലിെൻറ ആക്രമണത്തിൽ ചത്തു. അതേസമയം, കടന്നൽക്കൂട് നശിപ്പിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെന്നും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. കാക്ക റാഞ്ചുന്നതോടെ കടന്നൽ ഇപ്പോഴും പാറി നടക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.