മോഷ്ടിച്ച കാർ വിൽക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: ആമ്പല്ലൂരിൽനിന്ന് മോഷ്ടിച്ച കാർ വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കറുകച്ചാൽ കാവിൽ വീട്ടിൽ നിശാന്ത് (35), കൊല്ലം ഇരവിപുരം ആറ്റുകാൽ പുതുവേൽ വീട്ടിൽ ഡാനി (44) എന്നിവരെയാണ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ആമ്പല്ലൂർ മഹാദേവ മാർബിൾസിനു മുന്നിൽ നിർത്തിയിട്ട കാറാണ് പ്രതികൾ മോഷ്ടിച്ചത്. ഗേറ്റ് പൂട്ടിയിരുന്നെങ്കിലും കാറിൽനിന്ന് താക്കോൽ എടുത്തിരുന്നില്ല. ഗേറ്റിന്റെ പൂട്ട് തുറന്ന പ്രതികൾ കാറുമായി കടന്നു.
കാറുടമ ഊട്ടോളി കൃഷ്ണൻകുട്ടി പുതുക്കാട് പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.എച്ച്.ഒ യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാർ രാവിലെ പാലിയേക്കര ടോൾപ്ലാസ കടന്നതായി വ്യക്തമായി. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മോഷ്ടാക്കൾ പന്നിയേങ്കര ടോൾപ്ലാസയും കടന്നതായി മനസ്സിലായി.
തുടർന്ന് കാർ പാലക്കാട്ടെ വാഹനങ്ങൾ പൊളിക്കുന്ന സ്ഥാപനത്തിലെത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പൊലീസ് സംഘം എത്തിയപ്പോഴേക്കും മോഷ്ടാക്കൾ കോയമ്പത്തൂരിലേക്ക് കടന്നു. കോയമ്പത്തൂരിലെ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു.
പുതുക്കാട് എസ്.ഐ കെ.എസ്. സൂരജ്, സി.പി.ഒമാരായ അരുൺജിത്ത്, സജീവ്, ആൻസൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ഡാനി ഗുരുവായൂർ, വിയ്യൂർ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണ്. നിഷാന്തിന്റെ പേരിൽ കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.