മെത്താഫിറ്റാമിനും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsതൃശൂർ: കഞ്ചാവും പാർട്ടി ഡ്രഗ് ഇനത്തിൽപെട്ട മെത്താഫിറ്റാമിനുമായി രണ്ടുപേരെ പൊലീസ് പിടികൂടി. നെടുപുഴ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ആരോമൽ (22), ചൂണ്ടൽ പുതുശേരി പണ്ടാര പറമ്പിൽ ഷാനു (ഷനജ് -28) എന്നിവരെയാണ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ സഹിതം നെടുപുഴ പൊലീസ് പിടികൂടിയത്.
ചിയ്യാരം ആൽത്തറക്കടുത്ത് അർധരാത്രിയിലാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവും വിൽപന നടത്തുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കുറച്ചായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് ഇവർ വലിയ അളവിൽ മയക്കുമരുന്ന് വിൽപനക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുദിവസമായി പൊലീസ് നിരന്തരം ഇവരെ പിന്തുടരുകയായിരുന്നു. ഷാനു നാട്ടിൽ അടിപിടി ഉണ്ടാക്കി ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ പുത്തൂരിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. തൃശൂരിലും പരിസരത്തുമുള്ളവർക്ക് രാത്രികളിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു രീതി.
പിടികൂടിയ മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. മയക്കുമരുന്നിന് ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലവരും. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചായിരുന്നു അന്വേഷണം.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ നെൽസൺ, അഡീഷനൽ എസ്.ഐ സന്തോഷ്, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിമൽ, പ്രിയൻ, അക്ഷയ്, ഫായിസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.