കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മരണം; നടുക്കം വിട്ടുമാറാതെ നാട്
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരേദിവസം മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ നാട്. ഇടക്കിടെ ഉണ്ടാവുന്ന ആനയിറക്കം നാടിെൻറ സമാധാനം കെടുത്തുകയാണ്. പാലപ്പിള്ളി ഒഴുക്കപ്പറമ്പന്‍ മുഹമ്മദ് കുട്ടിയുടെ മകന് സൈനുദ്ദീന്‍ (50), മറ്റത്തൂര്‍ ചുങ്കാല്‍ പോട്ടക്കാരന്‍ രാമെൻറ മകന് പീതാംബരന് (56) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. എലിക്കോട്, കുണ്ടായി എന്നിവിടങ്ങളില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. എലിക്കോട് ആദിവാസി കോളനി ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന സൈനുദ്ദീന്‍ കോളനിക്ക് സമീപം കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു.
ഹാരിസണ്‍ മലയാളം പ്ലാേൻറഷന്‍ കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ പീതാംബരന് ടാപ്പിങ്ങിന് സൈക്കിളില്‍ പോകുമ്പോള്‍ കുണ്ടായി ഇരുമ്പ് പാലത്തിന് സമീപത്തുവെച്ചാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒല്ലൂരിലെ പാര്‍സല്‍ സര്‍വിസിലെ ജീവനക്കാരനാണ് സൈനുദ്ദീന്‍. പീതാംബരന് വര്‍ഷങ്ങളായി ഹാരിസണ്‍ പ്ലാേൻറഷന്‍ കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ ചുങ്കാലില്നിന്ന് ദിവസവും സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നാലു പേരെയാണ് മേഖലയില്‍ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.ആഗസ്റ്റ് 15ന് എലിക്കോട് വനാതിര്‍ത്തിലെ റബർ തോട്ടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടര്‍ വീട്ടില്‍ കുട്ടപ്പെൻറ മകന് സുബ്രന് (52) മരിച്ചിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാൻ എലിക്കോട് വനാതിര്‍ത്തിയില്‍ താൽക്കാലിക കുടില്‍കെട്ടി കുടുംബവുമായി താമസിക്കുകയായിരുന്നു സുബ്രന്.
രാത്രി വനവിഭവങ്ങള്‍ വിറ്റ ശേഷം തിരികെ എലിക്കോട്ട് എത്തിയപ്പോള്‍ താമസിക്കുന്നിടത്തുനിന്ന് 100 മീറ്റര്‍ അകലെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കാട്ടാനയുടെ ആക്രണത്തില്‍ എലിക്കോട് ആദിവാസി കോളനിയിലെ ഊരൂ മുപ്പന് ഉണ്ണിച്ചെക്കന് മരിച്ചിരുന്നു.ഇതേ സ്ഥലത്ത് മാസങ്ങള്‍ക്ക് മുമ്പ് ഒറ്റയാെൻറ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ചയിലെ സംഭവത്തോടെ കിഴക്കന്‍ തോട്ടം, വനമേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. കാലങ്ങളായി പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീതി വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഒരേദിവസം രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ തോട്ടം തൊഴിലാളികളും ചിമ്മിനി വനത്തോട് ചേര്‍ന്ന് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ആശങ്കയിലാണ്.
രാത്രി ഏഴായാല്‍ സ്ഥിരം കാട്ടാന
ആമ്പല്ലൂര്‍: എലിക്കോട് ആദിവാസി കോളനിക്ക് സമീപം രാത്രി ഏഴു മണിയായാല്‍ സ്ഥിരമായി കാട്ടാന ഇറങ്ങി നാശം വിതക്കുന്നുണ്ടെന്ന് കോളനിവാസികള്‍ പറഞ്ഞു. ആനകള്‍ കൃഷി നശിപ്പിക്കുന്ന
തും പതിവാണ്. ആദിവാസികള്‍ ഉള്‍പ്പെടെ 65ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പാലപ്പിള്ളി മൈസൂര്‍ ഗേറ്റ് മുതല്‍ എലിക്കോട് വരെയുള്ള റോഡിലെ വഴിവിളക്കുകള്‍ ആറു മാസമായി കത്തുന്നില്ലെന്ന് ആദിവാസി ബഹുജന ഐക്യവേദി ചെയര്മാന് ടി.കെ. മുകുന്ദന് പറഞ്ഞു. അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കുക, രാത്രികാലങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുക, റബര്‍ തോട്ടങ്ങളിലെ അടിക്കാട് വെട്ടുക, തോട്ടം തൊഴിലാളികളെ സംരക്ഷിക്കാന്‍ മാനേജ്മെൻറും വനംവകുപ്പ് അധികൃതരും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദിവാസി ബഹുജന ഐക്യവേദിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുകുന്ദന് പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞുവെച്ചു. സൈനുദ്ദീെൻറ മൃതദേഹം കണ്ട് മടങ്ങാനൊരുങ്ങിയ പാലപ്പിള്ളി റേഞ്ച് ഓഫിസറുടെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും വനപാലകര്‍ കാര്യക്ഷമമായി ഇടപെടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പിന്നീട് ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം െഡപ്യൂട്ടി കലക്ടറും സംഘവും സ്ഥലത്തെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്.
വിഷയത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫിസില്‍ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ യോഗം ചേരുമെന്നും കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. വനപാലകരുടെ നേതൃത്വത്തില്‍ രാത്രികാല നിരീക്ഷണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലത്തെത്തിയ കെ.കെ. രാമചന്ദ്രന് എം.എല്‍.എ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു. തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റാന്‍ തോട്ടം മാനേജ്മെൻറിന് എം.എല്‍.എ നിര്‍ദേശം നല്കി. വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കലക്ടറേറ്റില്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ മലയോര മേഖലയിലെ വന്യമൃഗശല്യം ഉന്നയിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കെ.കെ. രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് അജിത സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്. രഞ്ജിത്ത്, സുനില്‍ അന്തിക്കാട്, എ. നാഗേഷ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
കാടിറങ്ങി കൊമ്പന്മാർ; കുലുക്കമില്ലാതെ അധികൃതർ
ആമ്പല്ലൂര്‍: തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാഡികള്‍ക്കു സമീപവും ആദിവാസി കോളനികള്‍ക്കു സമീപവും കാടിറങ്ങിയ 30ലേറെ ആനകള്‍ വിഹരിക്കുന്നുണ്ട്. ഒരു വര്‍ഷമായി മേഖലയില്‍ കാട്ടാനകള്‍ ഭീതി പരത്തിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മാസങ്ങള്‍ക്ക് മുമ്പ് പാലപ്പിള്ളി സെൻററില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതു മുതല്‍ തുടങ്ങിയതാണ് നാട്ടുകാരുടെ ആശങ്ക. അന്നിറങ്ങിയ ആനക്കൂട്ടമാണ് ജനവാസ മേഖലയില്‍ കൃഷി നശിപ്പിച്ചും ആളുകള്‍ക്ക് നേരെ തിരിഞ്ഞും ഭീതി പരത്തുന്നത്. അറുപത്തിയഞ്ചോളം വീടുകളുള്ള എലിക്കോട് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ കാട്ടാനകള്‍ പകല്‍ സമയത്ത് പോലും നിലയുറപ്പിക്കുന്നത് പതിവാണ്. കുട്ടികളുള്‍പ്പടെയുള്ള കോളനിക്കാര്‍ ഇതുവഴിയാണ് ജീവന് പണയപ്പെടുത്തി യാത്ര ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൊട്ടാല്‍ വീഴുന്ന പാഡി മുറികളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങളും ആന ഭീതിയിലാണ്. വന്യജീവി ശല്യത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായതോടെ അവയെ തുരത്താന്‍ സജ്ജീകരിച്ച പ്രത്യേക സ്ക്വാഡിെൻറ പ്രവര്‍ത്തനവും നിര്‍ജീവമാണ്. വനപാലകര്‍ കാര്യക്ഷമമായി ഇടപെടാതെ വന്നതോടെ നാട്ടുകാര്‍ തന്നെയാണ് ആനകളെ തുരത്താന്‍ മുന്നിട്ടിറങ്ങുന്നത്.
തോട്ടം തൊഴിലാളികൾ ഇന്ന് പണിമുടക്കും
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച പാലപ്പിള്ളി ഹാരിസണ്‍ മലയാളം, കൊച്ചിന് മലബാര്‍ തോട്ടങ്ങളിലെ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കുമെന്ന് തോട്ടം തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറിമാര്‍ അറിയിച്ചു. ഇതിനു മുമ്പ് മൂന്നുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
യൂനിയനുകള്‍ നല്‍കിയിരുന്ന പരാതികളും നിവേദനങ്ങളും വനം വകുപ്പ് അവഗണിച്ചതിെൻറ അനന്തര ഫലമാണ് തിങ്കളാഴ്ചയുണ്ടായ ദാരുണമായ സംഭവമെന്ന് യൂനിയനുകള്‍ ആരോപിച്ചു. ദുരന്തത്തിന് ഇരയായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഇനിയും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ കാണണമെന്നും ആവശ്യപ്പെട്ടും മരിച്ച തൊഴിലാളികളോട് ആദരവ് പ്രകടിപ്പിച്ചുമാണ് പണിമുടക്കുന്നതെന്ന് തോട്ടം തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറിമാരായ പി.ജി. മോഹനന് (എ.ഐ.ടി.യു.സി), ആൻറണി കുറ്റൂക്കാരന്‍ (ഐ.എന്‍.ടി.യു.സി), പി.എസ്. സത്യന് (സി.ഐ.ടി.യു), കെ. രാമന് (ബി.എം.എസ്), എം.കെ. തങ്കപ്പന് (ടി.യു.സി.ഐ) എന്നിവര്‍ അറിയിച്ചു.
വന്യജീവി ആക്രമണം തടയാൻ സ്ഥായിയായ സംവിധാനം –മന്ത്രി
തൃശൂർ: വന്യജീവി ആക്രമണം തടയാൻ സ്ഥായിയായ സംവിധാനം ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വൈദ്യുതി ഫെൻസിങ്ങിന് പുറമെ സ്ഥായിയായ പ്രശ്ന പരിഹാരം വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉടൻ ഉണ്ടാകും. കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവം അറിഞ്ഞ ഉടൻ വനം മന്ത്രി എ.കെ. ശശീന്ദ്രനെ വിളിച്ചു വിവരം അറിയിച്ചു. ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണം ഏറിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ ബന്ധുക്കളെയും നാട്ടുകാരെയും കെ.കെ. രാമചന്ദ്രന് എം.എല്‍.എ സന്ദര്‍ശിച്ചു. വന്യജീവികളുടെ ആക്രമണം തടയാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ന് വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫിസില്‍ യോഗം ചേരും. കലക്ടറും ബന്ധപ്പെട്ട അധികാരികളും പങ്കെടുക്കും. വന്യജീവി ആക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കാന്‍ വനം മന്ത്രിയോട് ആവശ്യപ്പെട്ടതായി കെ.കെ. രാമചന്ദ്രന് എം.എല്‍.എ അറിയിച്ചു.
'നടപടി സ്വീകരിക്കണം'
പാലപ്പിള്ളി: ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും കൃഷിയിടങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ജില്ല കാബിനറ്റ് ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. അബ്ദുൽ റസാഖ് അസ്ഹരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ, സെക്രട്ടറിമാരായ മിദ്ലാജ്, അഡ്വ. ബദറുദ്ദീൻ, ഷെരീഫ്, ശിഹാബ് നിസാമി എന്നിവർ സംസാരിച്ചു.
'ജനങ്ങളെ രക്ഷിക്കണം'
ആമ്പല്ലൂര്‍: പാലപ്പിള്ളി, കുണ്ടായി മേഖലയിലെ കാട്ടാന ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആളുകള്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാറും വനം വകുപ്പ് ഉദ്യോഗസ്ഥരും തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.