മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേർ പിടിയിൽ
text_fieldsതൃപ്പൂണിത്തുറ: 45.2 ഗ്രാം തൂക്കംവരുന്ന നൈട്രാസെപാം 10 മില്ലിഗ്രാമിന്റെ 80 ഗുളികകളുമായി യുവാവിനെ ഹിൽപാലസ് പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ വൈക്കം റോഡ് വിദ്യാനിവാസിൽ മുകുന്ദനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുവന്ന ഗുളികകളുമായി വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെ കണ്ണൻകുളങ്ങര ജങ്ഷനു സമീപത്തുനിന്നാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഉദയംപേരൂർ: മയക്കുമരുന്നായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകളും ഗുളികകളുമായി ഒരാളെ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എം.എൽ.എ റോഡ് ഉള്ളാടൻവെളി മാർക്കറ്റിന് സമീപം പുല്ലന്തറതുണ്ടിയിൽ കെ.വി. ഷൈജനാണ് (44) പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2 എം.എൽ വീതം അളവുള്ള 13 എണ്ണം ഇഞ്ചക്ഷൻ ആംപ്യൂളുകളും രണ്ട് എം.എൽ വീതം അളവുള്ള 18 എണ്ണം ഡയസെപാം ഇൻഞ്ചക്ഷൻ ആംപ്യൂളുകളും 60 നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു.
ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
കളമശ്ശേരി: വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് പുള്ളിപ്പറമ്പ് വടക്കേ പുരക്കല്‍ വീട്ടില്‍ എസ്. അഞ്ചല്‍ (21), വയനാട് മാനന്തവാടി കാലമുട്ടന്കുന്ന് വീട്ടില്‍ കെ.ആർ. അനന്തകൃഷ്ണന് (23), പത്തനംതിട്ട ചിറ്റാര്‍ കഞ്ഞിക്കല്‍ വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഉണിച്ചിറ സെന്റ് ജൂഡ് പള്ളിക്ക് സമീപത്തെ ഹോണസ്റ്റ് ലെയ്നിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 1.460 കിലോ കഞ്ചാവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.'
വട്ടേക്കുന്നം സംഘർഷം: മൂന്നുപേർ അറസ്റ്റിൽ
കളമശ്ശേരി: പുതുവത്സരപ്പുലരിയിൽ വട്ടേക്കുന്നത്ത് നടന്ന സംഘർഷത്തിൽ മൂന്നുപേർ അറസ്റ്റിൽ. നഗരസഭ കൗൺസിലർ പ്രശാന്ത്, സനോജ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. വട്ടേക്കുന്നത്ത് നടന്ന സംഘർഷത്തിൽ കൗൺസിലർ ഒന്നാം പ്രതിയും മറ്റ് ആറുപേർക്കുമെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് പ്രശാന്ത് അറസ്റ്റിലായത്. സംഘർഷത്തിൽ വട്ടേക്കുന്നം കൈലാസപറമ്പിൽ മനോജ് (40), ആലങ്ങാട് കൊടുവഴങ്ങ പുളിക്കപ്പറമ്പ് പ്രസൂൺ കുമാർ (32) എന്നിവർക്ക് പരിക്കേറ്റ് ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.