മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപുന്നയൂർക്കുളം: കുരഞ്ഞിയൂരില്‍ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കൾ പിടിയിൽ. മാവിന്‍ചുവട് മുണ്ടാറയില്‍ മുഹമ്മദ് ഷിഫാന് (26), ചമ്മന്നൂര്‍ ചേമ്പലക്കാട്ടില്‍ അബുതാഹിര്‍ (25) എന്നിവരെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. കുരഞ്ഞിയൂരില്‍ റോഡരികില്‍ സഹോദരനെ കാത്ത് ബൈക്കില്‍ ഇരുന്ന എടക്കഴിയൂര്‍ കുഴികണ്ടത്തില്‍ അജ്മല്‍ റോഷനെ (20) ബൈക്കില്‍ എത്തിയ ഷിഫാനും സംഘവും കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കില്‍ ഇരുത്തി കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് അജ്മലിന്റെ ബൈക്ക് പിടിച്ചെടുത്തത്.
ഷിഫാന് ബൈക്ക് ഓടിച്ച് ചവിട്ടിത്തള്ളിയാണ് പെട്രോള്‍ തീര്‍ന്ന ബൈക്ക് പമ്പില്‍ എത്തിച്ചത്. ഇതില്‍ അബുതാഹിറും പിടിയിലാകാനുള്ള പ്രതിയുമാണ് ഉണ്ടായിരുന്നത്. തിരിച്ച് ഈച്ചിത്തറ ഷാപ്പില് എത്തിയ പ്രതികള്‍ പണം ആവശ്യപ്പെട്ട് അജ്മലിനെ മർദിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. അബു താഹിറിനെയാണ് ആദ്യം പിടിച്ചത്.
പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് വെട്ടിപ്പുഴ പാടത്തെ കുഴിയില്‍ ഒളിച്ച ഷിഫാനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അയാൾ അക്രമാസക്തനായി. മൽപിടിത്തത്തിനൊടുവില് നാട്ടുകാരുടെ സഹായത്തോടെയാണ് അയാളെ പിടികൂടിയത്. മൊബൈല്‍ ഫോണും താക്കോലും തട്ടിപ്പറിച്ചതിനു പുമെ പൊലീസുകാരെ അക്രമിച്ചതിനും നാട്ടുകാരെ കൈയേറ്റം ചെയ്തതിനുമായി മൂന്ന് കേസുകള്‍ പ്രതികള്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. കാപ്പ നിയമ പ്രകാരം കഴിഞ്ഞ സെപ്റ്റംബറില്‍ നാടു കടത്തിയ ഗുണ്ടയാണ് മുഹമ്മദ് ഷിഫാന്. നിയമം ലംഘിച്ച് നാട്ടിലെത്തിയ ഇയാളെ കഴിഞ്ഞ ജൂണില്‍ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.