കാറിൽ കടത്തിയ 25 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsആമ്പല്ലൂർ: പാലിയേക്കരയിൽ ഡോക്ടറുടെ സ്റ്റിക്കർ പതിച്ച കാറിൽ കടത്തിയ 25 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കളെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. എറണാകുളം ചേരാനെല്ലൂർ തുലാപറമ്പിൽ സനൽ (33), പള്ളുരുത്തി കയ്യത്തറ വീട്ടിൽ ഗിരീഷ് (28) എന്നിവരാണ് പിടിയിലായത്.
സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസക്ക് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ നാല് ഡോറുകളുടെ പാനലിനുള്ളിലും ഡിക്കിയിലും പ്ലാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രപ്രദേശിൽനിന്ന് എറണാകുളത്തേക്കാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കഞ്ചാവിന്റെ ഗന്ധം പുറത്തുവരാതിരിക്കാൻ കാറിൽ മണ്ണെണ്ണ തളിച്ചിരുന്നു. പ്രതികൾ സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ കൃഷ്ണകുമാർ പറഞ്ഞു. കാറിന്റെ ഡോറുകൾ പൊളിച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവ് ലക്ഷങ്ങൾ വിലവരുന്നതാണെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവും പ്രതികളെയും എക്സൈസ് തൃശൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽനിന്നുള്ള എക്സൈസും സ്ഥലത്തെത്തിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, കെ.വി. വിനോദ്, എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, പ്രിവന്റിവ് ഓഫിസർ വിശാഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, രജിത്ത്, എം.എം. അരുൺകുമാർ, രജിത്ത് ആർ. നായർ, കെ. മുഹമ്മദലി, ബസന്ത്കുമാർ, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.