കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടുവർഷം; ജനം ദുരിതത്തിൽ
text_fieldsചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് തീരദേശ മേഖലയിലും പരിസരങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണമായി നിലച്ചിട്ട് രണ്ടുവർഷം. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ പേര് പറഞ്ഞാണ് തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ കുടിവെള്ളം തടയുന്നത്. പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കലക്ടർക്കും വാട്ടർ അതോറിറ്റി അധികൃതർക്കും പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
വകുപ്പുതല ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായില്ലെന്ന് സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ പരിസരങ്ങളിൽ ശുദ്ധജലം ഒട്ടും ലഭ്യമല്ല. ഇതോടെ ജനം നട്ടം തിരിയുകയാണ്. അകലെ നിന്ന് വെള്ളം കൊണ്ടുവന്നാണ് ഇവിടത്തുകാർ ഉപയോഗിക്കുന്നത്. ക്ഷാമം പരിഹരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ കുടിവെള്ളം ലഭിക്കും വരെ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.