കേന്ദ്ര വിവേചനം ചോദ്യംചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ല -മുഖ്യമന്ത്രി
text_fieldsതൃപ്രയാർ: കേരളത്തോടുള്ള കേന്ദ്ര വിവേചനത്തെ ചോദ്യം ചെയ്യാൻ പോലും യു.ഡി.എഫ് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിക മണ്ഡലം നവകേരള സദസ്സ് തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം അടക്കം കേരളം അതിരൂക്ഷമായ പ്രതിസന്ധി നേരിട്ട സമയങ്ങളിൽ പോലും കേന്ദ്ര സർക്കാറിന്റെ ക്രൂര മനോഭാവത്തോടെയുള്ള പെരുമാറ്റമാണ് നമുക്ക് അനുഭവിക്കേണ്ടിവന്നത്.
ഈ ഘട്ടങ്ങളിലും എന്തെല്ലാം എതിർപ്പ് ഉയർത്താം എന്നതിലായിരുന്നു യു.ഡി.എഫിന്റെ ശ്രദ്ധ. കേന്ദ്ര വിവേചനം പാർലമെന്റിൽ ഉയർത്താൻ യു.ഡി.എഫ് എം.പിമാർ തയാറാകുന്നില്ല. പ്രളയകാലത്തെ ജീവനക്കാരുടെ സാലറി ചലഞ്ചിനെ പോലും എതിർത്തു. നാടിന്റെ ദുരവസ്ഥകളിൽ നാടിനോടൊപ്പം നിൽക്കാൻ എന്തുകൊണ്ടാണ് യു.ഡി.എഫ് തയാറാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനം. ഒരുമയോടെയും ഐക്യത്തോടെയും നേരിട്ടാൽ നമുക്ക് അസാധ്യമായി ഒന്നുമില്ല. ഇതുവരെയുള്ള സദസ്സുകൾ ജനം നെഞ്ചേറ്റിയ അനുഭവമാണ് കണ്ടത്. സർക്കാറിന് ഉത്കണ്ഠയോ ആശങ്കയോ വേണ്ടെന്നാണ് ജനകൂട്ടം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.സി.മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, സജി ചെറിയാൻ, ഡോ. ആർ ബിന്ദു എന്നിവർ സംസാരിച്ചു. പെരുവനം കുട്ടൻ മാരാരെ മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.
ജില്ല സപ്ലൈ ഓഫിസർ പി. ആർ. ജയചന്ദ്രൻ സ്വാഗതവും ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസർ സൈമൺ ജോസ് നന്ദിയും പറഞ്ഞു. മുൻ മന്ത്രിമാരായ കെ.പി. രാജേന്ദ്രൻ, വി.ആർ. സുനിൽ കുമാർ, മുൻ എം.എൽ.എ ഗീത ഗോപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കലക്ടർ വി.ആർ. കൃഷ്ണതേജ, റൂറൽ പൊലീസ് സൂപ്രണ്ട് നവനീത് ശർമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശിധരൻ, എ.കെ.രാധാകൃഷ്ണൻ, കെ.സി. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി രാമൻ, കെ.എസ്. മോഹൻദാസ്, എം.ആർ. ദിനേശൻ, സുബിത സുഭാഷ്, പി.ഐ. സജിത, ശുഭ സുരേഷ്, വി.ഡി. ഷിനിത, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മഞ്ജുള അരുണൻ, പി.എം.അഹമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, വി .ജി .വനജകുമാരി, വി.എൻ. സുർജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.