യുക്രെയ്ൻ: വിദ്യാർഥികൾ ആശങ്കയുടെ മുൾമുനയിൽ
text_fieldsതൃശൂർ: യുക്രെയ്ൻ പ്രതിസന്ധി അനിശ്ചിതമായി തുടരുമ്പോൾ തിരിച്ചുവന്ന വിദ്യാർഥികൾ ത്രിശങ്കുവിൽ. ഓൺലൈൻ ക്ലാസുകൾ പേരിന് നടക്കുന്നതല്ലാതെ കോഴ്സ് എത്രകാലം തുടരാൻ കഴിയുമെന്ന ആശങ്ക തുടരുകയാണ്. സംസ്ഥാനത്തെ മൂവായിരത്തോളം വിദ്യാർഥികളാണ് യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയത്. ഇവരിൽ പകുതിയോളം വിദ്യാഭ്യാസ വായ്പയുമെടുത്തിട്ടുണ്ട്. ഇതിന്‍റെ തിരിച്ചടവ് പലിശ വർധിക്കുന്നതും മക്കളുടെ തുടർപഠനം സംബന്ധിച്ച ആശങ്കകളും മാതാപിതാക്കളെ വലക്കുകയാണ്. എം.ബി.ബി.എസ്, വെറ്ററിനറി, അഗ്രികൾചർ തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠനത്തിന് പോയവരാണ് ഏറെയും. നോർക്ക ഇടപെട്ട് ഒരാഴ്ച മുമ്പ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം നടത്തിയെങ്കിലും ആശങ്കകൾ പരിഹരിക്കാനായില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ യുക്രെയ്നിലെ വിവിധ യൂനിവേഴ്സിറ്റികളിൽ കുടുങ്ങിക്കിടക്കുന്നതാണ് പ്രധാന ആശങ്ക. അവ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന വ്യക്തമായ ഉറപ്പുപോലും നൽകാനാവാത്ത അവസ്ഥയിലായിരുന്നു സർക്കാർ പ്രതിനിധികൾ.
ആറുവർഷ എം.ബി.ബി.എസ്,വെറ്ററിനറി കോഴ്സുകൾക്ക് 18-25 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയിലാണ് പലരും യുക്രെയ്നിലേക്ക് വണ്ടി കയറിയത്. പ്രതിവർഷം, പ്രതിമാസം, പ്രതി സെമസ്റ്റർ രീതിയിൽ പണമടച്ച് വരുന്നവരുണ്ട്. ചുരുങ്ങിയത് 2500-3000 രൂപയുടെ തിരിച്ചടവ് അടച്ചുവരുകയാണ്. ഫീസിനത്തിൽ സെമസ്റ്ററനുസരിച്ച് അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ അടച്ചവരുണ്ട്. തുടർപഠനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി ഉറപ്പുനൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആരോഗ്യ- വിദ്യാഭ്യാസ മന്ത്രാലയം പരിശോധിച്ചുവരുകയാണെന്നാണ് മറുപടി. ഹംഗറി വാഗ്ദാനം ചെയ്തപോലെ യുക്രെയ്നിന്‍റെ അയൽ രാജ്യങ്ങളായ പോളണ്ട്, റുമേനിയ, ചെക് റിപ്പബ്ലിക്,
കസാഖ്സ്താൻ എന്നിവിടങ്ങളിൽ തുടർപഠനം ലഭ്യമാക്കാനുള്ള സാധ്യത പരിശോധിച്ചുവരുകയാണ്. നാലും അഞ്ചും വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അതേ കോഴ്സിൽ അതേ സെമസ്റ്ററിൽ തുടർപഠനം ലഭിക്കുമോ എന്ന ആശങ്കയുണ്ട്.
കൊൽക്കത്തയിൽ വിദ്യാർഥികൾക്ക് തുടർപഠന അവസരമൊരുക്കിയപോലെ സംസ്ഥാനം ഇടപെട്ട് സംവിധാനമൊരുക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, യുക്രെയ്നിൽ പഠിക്കുന്ന കൂടുതൽ വിദ്യാർഥികളുള്ള കേരളത്തിൽ അത് സാധ്യമാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴ്സ് മറ്റ് രാജ്യങ്ങളിലോ സംസ്ഥാനത്തോ പഠിക്കുമ്പോൾ ആദ്യ സെമസ്റ്റർ മുതൽ പഠിക്കേണ്ടി വന്നേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ബാങ്ക് അധികൃതരുമായി ചർച്ചചെയ്ത് യുക്രെയ്നിൽനിന്ന് വന്ന വിദ്യാർഥികളുടെ വായ്പ തിരിച്ചടവ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. കോഴ്സ് അനിശ്ചിതമായി നീളുന്നതും തിരിച്ചടവ് നീളുന്നതും ബാങ്കുകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം, യുക്രെയ്നിൽ നാലാം വർഷ മെഡിസിൻ ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പാസാകേണ്ട ക്രാക്ക് -വൺ പരീക്ഷ അടുത്ത അധ്യയനവർഷത്തേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കൽ ബിരുദത്തിനുള്ള ആറാം വർഷ വിദ്യാർഥികൾ പാസാകേണ്ട ക്രാക്ക്- ടു പരീക്ഷ ഒഴിവാക്കി അക്കാദമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ബിരുദം നൽകാനും രാജ്യാന്തരതലത്തിൽ നടന്ന ചർച്ചകളിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.