ആഘോഷ പാട്ടുകുർബാനയിൽ ഉക്രൈൻ ഗായകസംഘത്തിന്റെ സംഗീത വിരുന്ന്
text_fieldsതൃശൂർ: പടവരാട് സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിനോടാനുബന്ധിച്ചുള്ള ആഘോഷമായ പാട്ടുകുർബാനയിൽ മലയാളത്തിൽ പ്രാർഥന ഗാനമാലപിച്ച് ഉക്രൈനിൽനിന്നുള്ള ഗായകസംഘം വിശ്വാസികളുടെ മനം കവർന്നു.
മലയാളിയായ അങ്കമാലി സ്വദേശി സിസ്റ്റർ ലിജി സുപ്പീരിയറായ ഉക്രൈനിൽനിന്നുള്ള ഫോർ യു ബാൻഡാണ് ആഘോഷമായ പാട്ടുകുർബാനയിൽ പ്രാർഥന ഗാനമാലപിച്ചത്.
ഉക്രൈൻ സ്വദേശിനികളായ സിസ്റ്റർ എറിക്ക, സിസ്റ്റർ ലൗറ, സിസ്റ്റർ നതാലിയ, സിസ്റ്റർ മറീന, സിസ്റ്റർ ക്രിസ്റ്റീന എന്നിവരും സുപ്പീരിയർ ആയ സിസ്റ്റർ ലിജിയുമടങ്ങുന്ന ആറംഗ ഗായകസംഘമാണ് പാട്ടുകുർബാനയിൽ മലയാളത്തിൽ പ്രാർഥന ഗാനമാലപിച്ച് ശ്രദ്ധേയരായത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഹിബ്രൂ, ഉക്രൈൻ, ജർമൻ, ഫ്രഞ്ച് ഭാഷകളിൽ ഭക്തിഗാനങ്ങളും മറ്റ് എല്ലാത്തരം ഗാനങ്ങളുമാലപിച്ച് ശ്രദ്ധനേടിയവരാണ് ഉക്രൈനിൽനിന്നുള്ള ഫോർ യു ബാൻഡ്. ഉക്രൈനിലെ എസ്.ജെ.എസ്.എം കോൺവെന്റ് അംഗങ്ങളാണ് ഇവർ.
ജർമനിയിലുള്ള ഇടവകാംഗം ഫാ. ലോയ്സ് നിലങ്കാവിലിൽനിന്നാണ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് ഫോർ യു ബാന്ഡിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഇവരെ തിരുനാളിന് ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴിന് പള്ളിയങ്കണത്തിൽ ഫോർ യു ബാൻഡിന്റെ സംഗീതവിരുന്നും തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. പള്ളി ട്രസ്റ്റിമാരായ ഫ്രാൻസിസ് വടക്കൻ, ആന്റണി മഞ്ഞളി, സണ്ണി തലക്കോട്ടുർ, ബെന്നി മുത്തിപ്പീടിക എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.