നഗരത്തിൽനിന്ന് ഭരണ സിരാകേന്ദ്രത്തിലേക്ക് അന്യായ ബസ് ചാർജ്; ഇടപെടാതെ കലക്ടർ
text_fieldsതൃശൂർ: നഗരത്തിൽനിന്ന് ജില്ല ആസ്ഥാനമായ അയ്യേന്താളിലേക്ക് നിയമവിരുദ്ധമായി ബസ് ചാർജ് വർധിപ്പിച്ചതിൽ ഇതുവരെ നടപടി സ്വീകരിക്കാതെ കലക്ടർ. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.
വർധന നിലവിൽ വന്ന ജൂൺ ആറിനും 14നും സെപ്റ്റംബർ 27നുമാണ് ജില്ല ഉപഭോക്തൃ സമിതി പ്രസിഡന്റ് ജയിംസ് മുട്ടിക്കൽ പരാതി നൽകിയത്. ആദ്യതവണ പരാതി നൽകിയതിന് പിന്നാലെ കലക്ടർ ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി കൈമാറിയതായി കലക്ടറേറ്റിൽനിന്ന് അറിയാനായി.
വിഷയം അന്വേഷിക്കുന്നതിന് റോഡ് ട്രാൻസ്പോർട്ട് ഓഫിസിനെ (ആർ.ടി.ഒ) ചുമതലപ്പെടുത്തിയതായി ദുരന്തനിവാരണ അതോറിറ്റി ഓഫിസ് അറിയിച്ചു. സെപ്റ്റംബറിൽ നൽകിയ പരാതിയിൽ ആർ.ടി.ഒയിൽനിന്ന് മറുപടി ലഭിച്ചില്ലെന്നാണ് മറുപടി.
തൃശൂർ ടൗണിൽനിന്ന് ജില്ല ആസ്ഥാനമായ അയ്യന്തോളിലേക്ക് നിയമവിരുദ്ധ ബസ് ചാർജ് വർധനയാണ് ഉണ്ടായതെന്നാണ് പരാതിയിലുള്ളത്. 62 ശതമാനം വർധനയാണ് ഈടാക്കുന്നതെന്നു കാണിച്ചാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർക്ക് പരാതി നൽകിയത്.
നിരക്കുവർധന പ്രാബല്യത്തിൽ വന്ന മേയ് മുതൽ അഞ്ചുരൂപകൂടി (62 ശതമാനം) കൂട്ടി 13 രൂപയാണ് ഇപ്പോൾ ബസ് ചാർജ്. വർധനക്കുമുമ്പ് തൃശൂർ ടൗണിൽനിന്ന് കലക്ടറേറ്റിലേക്ക് എട്ടു രൂപയായിരുന്നു നിരക്ക്. എട്ടുരൂപ മിനിമം ചാർജ് വാങ്ങിയിരുന്നത് 10 ആക്കുന്നതിനാണ് സർക്കാർ നിർദേശം നൽകിയത്.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ രണ്ടര കി.മീറ്ററാണ് നിശ്ചിത ദൂരം. പടിഞ്ഞാറേ കോട്ടയിൽനിന്ന് രണ്ടുകി.മീ. മാത്രം ദൂരെയുള്ള അയ്യന്തോൾ കലക്ടറേറ്റിലേക്ക് വാങ്ങുന്നതും 13 രൂപയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
സ്വന്തം ഓഫിസിലെ സഹപ്രവർത്തകരെപോലും നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ, കലക്ടർ പല തവണ ഓർമപ്പെടുത്തിയിട്ടും മറുപടി നൽകാത്തതിന് കാരണം ആവശ്യപ്പെട്ട് വീണ്ടും കത്തയച്ചിരിക്കുകയാണ് ജയിംസ് മുട്ടിക്കൽ. നാല് മാസത്തിലധികം ഫയൽ പൂഴ്ത്തിവെച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണ സിരാകേന്ദ്രത്തിലേക്ക് മിനിമം ചാർജിൽ കൂടുതൽ ബസ് ചാർജ് വാങ്ങാൻ ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഒടുവിൽ നൽകിയ കത്തിലുണ്ട്. അതോടൊപ്പം ഈ മാസം 22ന് ഗതാഗതമന്ത്രി പങ്കെടുക്കുന്ന വാഹനീയം അദാലത്തിലും പരാതി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.