ഏകീകൃത കുർബാന ധാരണ; കൊരട്ടി പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നിൽ വികാരി വഴങ്ങി
text_fieldsകൊരട്ടി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപതയിൽ വിമതരും ഔദ്യോഗിക നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടപ്പിലാക്കിയ രീതിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. കഴിഞ്ഞ മൂന്നിന് സെന്റ് തോമസ് ദിനത്തിൽ വൻ ജനപങ്കാളിത്തത്തോടെ രാവിലെ 10.30ന് വികാരിയുടെ കാർമികത്വത്തിൽ ഏകീകൃത കുർബാന അർപ്പിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊന്നും ഇടവരുത്താതെ വളരെ സമാധാനപരമായിരുന്നു അന്ന് കുർബാന നടന്നത്. കടമുള്ള ദിവസങ്ങളിലും ഞായറാഴ്ച ദിവസങ്ങളിലും ഒരു തവണയെങ്കിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നതായിരുന്നു സിനഡിന്റെ നിർദേശം. ഇതനുസരിച്ച് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഏകീകൃത കുർബാന നടത്താൻ വികാരിയും പള്ളി അധികൃതരും തീരുമാനിച്ചതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്.
കാലങ്ങളായി രാവിലെ 5.30, ഏഴ്, ഒമ്പത്, 10.30, വൈകീട്ട് 4.45 എന്നിങ്ങനെയാണ് കൊരട്ടി പള്ളിയിലെ കുർബാന സമയങ്ങൾ. ഇതിനിടെ മനസ്സമ്മതം, കല്യാണം തുടങ്ങിയ വിശേഷങ്ങൾ പ്രമാണിച്ച് സ്പെഷൽ കുർബാനകളും ഉണ്ടാകാറുണ്ട്. തലേദിനം രാത്രി ഏറെ വൈകിയാണ് പള്ളിയുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഉച്ചക്ക് ഏകീകൃത കുർബാന അർപ്പിക്കും എന്ന രീതിയിൽ സന്ദേശം വിശ്വാസികൾക്ക് ലഭിക്കുന്നത്.
കാലങ്ങളായി ഞായറാഴ്ച അർപ്പിക്കുന്ന അഞ്ചു കുർബാനകളിൽ ഒന്നു ചൊല്ലേണ്ടതിനു പകരം ഉച്ചക്ക് രണ്ടിന് ഏകീകൃത കുർബാനക്ക് സമയം നിശ്ചയിച്ചത് അതിരൂപതയിൽ വിമത പ്രവർത്തനങ്ങളുടെ നേതൃരംഗത്തുനിന്ന് പ്രവർത്തിക്കുന്ന കൊരട്ടി ഫൊറോന വികാരിയുടെ അടവുനയത്തിന്റെ ഭാഗമാണെന്നായിരുന്നു വിശ്വാസികളുടെ ആരോപണം. ഉച്ചക്ക് നടത്തുന്ന ദിവ്യബലിക്ക് ആളുകൾ കുറവാണെന്ന് വരുത്തി സഭാനേതൃത്വത്തെ പ്രതിരോധത്തിലാക്കാനുള്ള വികാരിയുടെ ബോധപൂർവമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടി.
ഇന്നലെ രാവിലെ 5.30ന് നടന്ന കുർബാനക്ക് ശേഷം പള്ളിയിൽ നിന്നു പുറത്തു വന്ന വികാരിയെ ഒട്ടേറെ വിശ്വാസികൾ പള്ളിമേടയിൽ തടഞ്ഞു. പതിവായി നടന്നു വരുന്ന അഞ്ച് കുർബാനകളിൽ ഒരെണ്ണം ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ഇടവക ജനം ആവശ്യപ്പെട്ടു.
എന്നാൽ അതിരൂപതയുമായി ഉണ്ടാക്കിയ ധാരണ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുർബാന അർപ്പിക്കണമെന്നു മാത്രമേയുള്ളൂവെന്നും സമയം തീരുമാനിക്കുന്നത് തന്റെ വിവേചനാധികാരമണെന്നും വികാരി പറഞ്ഞു. എന്നാൽ തുടർന്നുള്ള നാല് കുർബാനകളിൽ ഒന്ന് ഏകീകൃത കുർബാന ചൊല്ലണമെന്ന് വിശ്വാസികൾ നിലപാടെടുത്തു. അതിനു തയാറായില്ലെങ്കിൽ തുടർന്നുള്ള കുർബാനകൾ നിർത്തിവെക്കേണ്ടി വരുമെന്നും വിശ്വാസികൾ പറഞ്ഞു.
പ്രതിഷേധവും വാക്പോരും കടുത്തതോടെ സമവായ ചർച്ചകളിലൂടെ പരിഹാരം കാണാൻ വികാരി സമയം ആവശ്യപ്പെട്ടെങ്കിലും വിശ്വാസികൾ നിലപാടിൽ ഉറച്ചു നിന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വികാരി പറഞ്ഞു നോക്കിയെങ്കിലും പ്രതിഷേധങ്ങൾക്ക് മുന്നിൽ അവസാനം വഴങ്ങേണ്ടി വന്നു.
തുടർന്ന് 10.30 ന് നടക്കുന്ന ദിവ്യബലി ഏകീകൃത കുർബാന ആയിരിക്കുമെന്നും രണ്ടിന് വെച്ച കുർബാന റദ്ദാക്കിയതായും വികാരി ഉറപ്പുനൽകിയ ശേഷമാണ് വിശ്വാസികളുടെ കൂട്ടായ്മ പള്ളിയങ്കണത്തിൽനിന്ന് പിരിഞ്ഞു പോയത്. രണ്ടര വർഷത്തിലേറെയായി പുകയുന്ന കുർബാന ക്രമത്തിൽ പക്ഷം ചേരാതെ സംയമന പാതയിൽ നീങ്ങിയ അതിരൂപതയിലെ 16 ഫൊറോനകളിൽ ഒന്നാണ് കൊരട്ടി. ഒട്ടേറെ വിവാദങ്ങൾക്ക് കൊരട്ടി പള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ബാക്കി 15 ഫൊറോനകളുടെ ഗതിവിഗതികൾ തീരുമാനിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിക്കുന്നതാണ് കൊരട്ടി ഫൊറോന പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.