മുടക്കമില്ലാതിനി വൈദ്യുതി
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി മേഖലയിൽ വൈദ്യുതി മുടങ്ങുന്നതിന് പരിഹാരം കാണാൻ കേബിൾ വഴി വൈദ്യുതി വലിക്കുന്ന പ്രവൃത്തിക്ക് കെ.എസ്.ഇ.ബി തുടക്കമിട്ടു. കെ.എസ്.ഇ.ബി പരിയാരം സെക്ഷൻ ഓഫിസിന് കീഴിലുള്ള ജീവനക്കാരാണ് പ്രവൃത്തി ചെയ്യുന്നത്. 35 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. ചിക്ളായി മുതൽ തുമ്പൂർമുഴി വരെയുള്ള ദൂരമാണ് ഇപ്പോൾ കേബിൾ വലിക്കുന്നത്.
പരിയാരം സെക്ഷനിൽനിന്നാണ് അതിരപ്പിള്ളിയിലേക്ക് വൈദ്യുതി പോകുന്നത്. വനമേഖലയായ ഇവിടെ മരച്ചില്ലകളും ഇലകളും വൈദ്യുതക്കമ്പികളിൽ തട്ടി വൈദ്യുതി നിലക്കുന്നത് കെ.എസ്.ഇ.ബി അധികൃതർക്ക് നിത്യവും തലവേദനയാണ്. വൈദ്യുതിക്കമ്പികൾ കാട്ടിലൂടെയാണ് പലയിടത്തും കടന്നുപോകുന്നത്.
അതുപോലെ എണ്ണപ്പനത്തോട്ടത്തിലൂടെയും കടന്നുപോവുന്നു. എണ്ണപ്പനയുടെ പട്ടകൾ മിക്കവാറും കാറ്റത്ത് ആടിയുലഞ്ഞ് വൈദ്യുതിക്കമ്പികളിൽ തട്ടി വൈദ്യുതി തടസ്സമുണ്ടാകുന്നു. എന്നാൽ, എവിടെയാണ് ഇത് സംഭവിച്ചതെന്നറിയാതെ ജീവനക്കാർ തലപുകക്കേണ്ടിയും വരുന്നു.
പുതിയ കേബിളിന്റെ ആവരണം ഉള്ളതിനാൽ കമ്പികൾ പൊട്ടിവീഴാനും സാധ്യത കുറഞ്ഞിട്ടുണ്ട്. മഴക്കാലത്ത് മരങ്ങളുടെ ചില്ലകളും മറ്റും തട്ടി അതിരപ്പിള്ളി മേഖല മുഴുവനും ഇരുട്ടിലാകില്ല. അതുപോലെ ഈ മേഖലയിൽ വൈദ്യുതി ആഴ്ചകളോളം മുടങ്ങുന്നതിനും പരിഹാരമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.