ഭൂപ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം -മന്ത്രി കെ. രാജന്
text_fieldsതൃശൂർ: പട്ടയ വിതരണം, ഭൂമി തരംമാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണാനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്. തൃശൂര്‍ കെ.എസ്.എഫ്.ഇ ഹാളില്‍ ചേര്‍ന്ന മൂന്നാമത് ജില്ല റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് നേരിട്ടും ഓണ്‍ലൈനായും ലഭിച്ച 54,122 അപേക്ഷകളില്‍ 27,043 എണ്ണം തീര്‍പ്പാക്കിയതായും ബാക്കിയുള്ളവയില്‍ നടപടി തുടരുന്നതായും മന്ത്രി അറിയിച്ചു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത് വേഗത്തിലാക്കാൻ ഓരോ താലൂക്കിലും ഡെപ്യൂട്ടി കലക്ടര്‍ക്ക് പ്രത്യേക ചുമതല നല്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
കന്നുകാലി മേച്ചില്പുറം, കളിസ്ഥലം, കടല്‍ പുറമ്പോക്ക്, ഇറിഗേഷന്‍ പുറമ്പോക്ക് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഒക്ടോബര്‍ മുതല്‍ നാല് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും. ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജുകളാക്കാന്‍ അനുമതി ലഭിച്ച 65 വില്ലേജ് ഓഫിസുകളില്‍ 41 എണ്ണം ഇതിനകം സ്മാര്‍ട്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ 1993 ഭൂപതിവ് പട്ടയങ്ങളും 21,223 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും ഉള്‍പ്പെടെ 23,216 പട്ടയങ്ങള്‍ വിതരണം ചെയ്യാനായി. ഡിജിറ്റല്‍ റീസര്‍വേയുടെ കാര്യത്തില്‍ ജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളില്‍ ആവശ്യമായ അന്വേഷണം നടത്തി 48 മണിക്കൂറിനുള്ളില്‍ തുടര്‍നടപടിക്ക് സമര്‍പ്പിക്കണമെന്ന് വില്ലേജ് ഓഫിസര്‍മാര്‍ക്ക് മന്ത്രി നിർദേശം നല്കി. പട്ടയ അസംബ്ലികളില്‍ എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ കലക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്യണമെന്നും നിർദേശിച്ചു.
ഠാണ -ചന്തക്കുന്ന് ജങ്ഷന്, കരുവന്നൂര്‍ - കാട്ടൂര്‍ റോഡ് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ റോഡ് വികസനത്തോടൊപ്പംതന്നെ ജങ്ഷന് വികസനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. താലൂക്ക് തലങ്ങളില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില്‍ ലഭിച്ച 3447 അപേക്ഷകളില്‍ 92.63 ശതമാനത്തിലും തീര്പ്പുകല്പിക്കാനായതായി കലക്ടര്‍ വി.ആര്. കൃഷ്ണ തേജ അറിയിച്ചു.
റവന്യൂ അസംബ്ലിയില്‍ എം.എല്‍.എമാരായ കെ.കെ. രാമചന്ദ്രന്, സി.സി. മുകുന്ദന്, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, മുരളി പെരുനെല്ലി, എന്‍.കെ. അക്ബര്‍, വി.ആര്. സുനില്‍കുമാര്‍, സനീഷ് കുമാര്‍ ജോസഫ്, മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതിനിധി കെ.കെ. മുരളീധരന്, ലാൻഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശിഗന്, സര്‍വേ ഡയറക്ടര്‍ സീറാം സാംബശിവറാവു, ഐ.എല്‍.ഡി.എം ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ലാൻഡ് റവന്യൂ ജോയന്റ് കമീഷണര്‍ അര്ജുന് പാണ്ഡ്യന്, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, എ.ഡി.എം ടി. മുരളി എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.