തൃശൂർ ജില്ലയിലെ പട്ടികവർഗ വികസന ഫണ്ട് വിനിയോഗം 19.59 ശതമാനം മാത്രം
text_fieldsതൃശൂർ: ജില്ലയില്‍ പട്ടികവർഗ വികസന ഫണ്ട് വിനിയോഗത്തിൽ മെല്ലെപ്പോക്ക്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വിനിയോഗം 19.59 ശതമാനം മാത്രമാണ്. ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. ഒമ്പത് പഞ്ചായത്തുകള്‍ ജില്ല ആസൂത്രണ സമിതി യോഗത്തില്‍ തുക വിനിയോഗം സംബന്ധിച്ച് വിശദീകരിച്ചു. കോര്പറേഷന് ഫണ്ട് ഉപയോഗിച്ചുള്ള സംയുക്ത പദ്ധതികള്‍ കൗണ്‍സില്‍ പരിഗണനക്ക് വെച്ചിരിക്കുകയാണ്.
ചാലക്കുടി നഗരസഭ, കൈപ്പറമ്പ് പഞ്ചായത്ത് എന്നിവയുടെ 2022-23 ഹെല്‍ത്ത് ഗ്രാന്റിന് യോഗം അംഗീകാരം നല്കി. നഗര ഭരണ സ്ഥാപനങ്ങളുടെ 2021-22 ഹെല്‍ത്ത് ഗ്രാന്റ് അവലോകനം ചെയ്തു. തൃശൂര്‍ കോര്‍പറേഷനും ചാലക്കുടി നഗരസഭയുമാണ് ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗിച്ചത്. ഇതിന് മാത്രമുള്ള അവലോകന യോഗം ഒക്ടോബര്‍ ആറിന് ചേരാൻ തീരുമാനിച്ചു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി ചെയര്മാന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍ദേശിച്ചു. 2023-24 വാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട ബ്ലോക്ക്തല അവലോകന യോഗം ഒക്ടോബര്‍ രണ്ടാം വാരത്തോടെ ആസൂത്രണ സമിതി സാന്നിധ്യത്തില്‍ ചേരും.
ഇതോടൊപ്പം ജില്ല പഞ്ചായത്തുമായുള്ള സംയുക്ത പദ്ധതികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള നിര്‍ദേശവും പഞ്ചായത്തുകള്‍ക്ക് നല്കി. സമയ പരിധിക്കകം അപേക്ഷിച്ചില്ലെങ്കിൽ തുകയുടെ അനുമതി നിഷേധിക്കപ്പെടുമെന്നും ചെയർമാൻ പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, സമിതിയിലെ സർക്കാർ പ്രതിനിധി ഡോ. എം.എന്‍. സുധാകരന്, ജനകീയാസൂത്രണ ജില്ല കോഓഡിനേറ്റര്‍ അനൂപ് കിഷോര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ടി.ആര്. മായ, ആസൂത്രണ സമിതി അംഗങ്ങളായ കെ.വി. സജു, ജനീഷ് പി. ജോസ്, സീത രവീന്ദ്രന്, ഷീന പറയങ്ങാട്ടില്‍, ലീല സുബ്രഹ്മണ്യന്, സുഗത ശശിധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.