ഇവിടെ അവധിക്കാലം നേരമ്പോക്കല്ല...
text_fieldsചെന്ത്രാപ്പിന്നി: അവധിക്കാലം എങ്ങനെ ചെലവഴിക്കണമെന്ന് ചിന്തിച്ച് തല പുകക്കുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇനി വേവലാതി വേണ്ട. അവധിക്കാലം കായിക പരിശീലനത്തിലൂടെ രസകരമാക്കി മാറ്റാമെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ.
മികച്ച പരിശീലനം നൽകി കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും വ്യക്തിത്വ വികസനം, സ്വഭാവരൂപവത്കരണം, മാനസിക ഉല്ലാസം എന്നിവ നല്ല രീതിയിൽ വളർത്തിയെടുക്കുന്നതിനുമായാണ് ഏപ്രിൽ ഒന്നുമുതൽ 30 വരെ വോളിബാൾ, ഫുട്ബാൾ സമ്മർ കോച്ചിങ് ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്നത്.
മണപ്പുറത്തിന്റെ കായിക പാരമ്പര്യത്തിന് കരുത്തുപകരാൻ യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 150ഓളം കുട്ടികളാണ് എല്ലാ ദിവസവും പരിശീലനത്തിനായി എത്തുന്നത്. ഇതിൽ 35 പേർ പെൺകുട്ടികളാണെന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നു. രാവിലെ 6.45 മുതൽ ഒമ്പതുവരെയും ഉച്ച തിരിഞ്ഞ് നാലുമുതൽ ആറുമണി വരെയുമാണ് പരിശീലനം.
വോളിബാൾ, ഫുട്ബാൾ തിയറി ക്ലാസുകൾ, സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങുകൾ, ഫിറ്റ്നസ് ട്രെയിനിങ് പ്രാക്ടീസ് മത്സരങ്ങൾ, റിക്രിയേഷനൽ ഫൺ ആക്ടിവിറ്റീസ്, സ്പോർട്സ് സൈക്കോളജി ക്ലാസുകൾ തുടങ്ങിയവയാണ് പ്രധാനമായും ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ക്യാമ്പിന്റെ ഭാഗമായുണ്ട്. രാവിലെയും വൈകീട്ടുമായി ക്യാമ്പ് അംഗങ്ങൾക്ക് പോഷകാഹാരവും സ്കൂൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടെ റഫറിയും സ്കൂളിലെ കായിക അധ്യാപകനും ക്യാമ്പ് കോഓഡിനേറ്ററുമായ ടി.എൻ. സിജിൽ, ദേശീയ കായികതാരവും അധ്യാപകനുമായ ബിജു മോഹൻബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്. വോളിബാൾ കോച്ച് മുഹമ്മദ് നസീം, മുഹമ്മദ് സുഹൈൽ ഫിസിക്കൽ ട്രെയിനർ ഇൻസാഫ്, ഫുട്ബാൾ കോച്ചുമാരായ വിനോദ്, മുഹമ്മദ് നസീർ എന്നിവരാണ് പരിശീലകരിൽ പ്രമുഖർ.
പി.ടി.എ, മാനേജ്മെൻറ്, സ്റ്റാഫ് എന്നിവരുടെ സഹകരണവും ക്യാമ്പിന് ഊർജം പകരുന്നുണ്ട്. മുൻ വർഷങ്ങളിലും കായികപരിശീലന ക്യാമ്പുകൾ സ്കൂളിൽ നടത്താറുണ്ടെങ്കിലും കൂടുതൽ വൈവിധ്യമാർന്ന വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി ശാസ്ത്രീയമായ രീതിയിലുള്ള പരിശീലനം ഇതാദ്യമായാണെന്ന് ക്യാമ്പ് കോഓഡിനേറ്ററായ ടി.എൻ. സിജിൽ പറഞ്ഞു.
മുൻ വർഷങ്ങളേക്കാളും പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന മണപ്പുറത്തിന്റെ കായികപാരമ്പര്യത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നതെന്ന് പ്രധാനാധ്യാപകൻ കെ.എസ്. കിരൺ ചുണ്ടിക്കാട്ടി. സംസ്ഥാന ദേശീയ മത്സരങ്ങളിലേക്ക് മികച്ച പ്രതിഭകളെ ക്യാമ്പിലൂടെ വാർത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.