കൊടുങ്ങല്ലൂരിൽ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് ആരംഭിച്ചു
text_fieldsകൊടുങ്ങല്ലൂർ നഗരസഭയിൽ തെരുവുനായ്കളുടെ കുത്തിവെപ്പിന് തുടക്കം കുറിക്കുന്നു
കൊടുങ്ങല്ലൂർ: നഗരസഭയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കൾക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് ആരംഭിച്ചു. കൊടുങ്ങല്ലൂർ വെറ്ററിനറി പോളി ക്ലിനിക്കുമായി ചേർന്ന് എല്ലാ വാർഡുകളിലുമായി ആദ്യഘട്ടത്തിൽ 500 നായ്ക്കൾക്കാണ് ഇപ്പോൾ കുത്തിവെപ്പ് നടത്തുന്നത്. ആവശ്യമെങ്കിൽ കൂടുതൽ എണ്ണം കുത്തിവെപ്പ് നടത്തുന്നതാണ്. നായ്ക്കളെ പിടികൂടുന്നതിന് പ്രത്യേകം പരിശീലനം നേടിയവരും വെറ്ററിനറി വകുപ്പിലെ വിദഗ്ധരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിലും പൊതുസ്ഥലങ്ങളിലും വാർഡുകളിലെ പ്രത്യേക സ്ഥലങ്ങളിലും നായ്ക്കൾ കൂട്ടം കൂടുന്ന സ്പോട്ടുകളിൽ ചെന്നാണ് നായ്ക്കളെ പിടികൂടുന്നത്. കുത്തിവെപ്പിനുശേഷം നായ്ക്കളെ തിരിച്ചറിയുന്നതിന് ഓരോന്നിനെയും ‘സ്പ്രേ’ ചെയ്ത് അടയാളപ്പെടുത്തും. വീടുകളിലെ വളർത്തുനായ്ക്കൾക്ക് നിർബന്ധമായി ലൈസൻസ് എടുപ്പിക്കാൻ നഗരസഭ തീരുമാനിച്ചു. വളർത്തുനായ്ക്കളെ പേ വിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നടത്തിയാൽ മാത്രമേ ലൈസൻസ് നഗരസഭയിൽനിന്ന് ലഭിക്കുകയുള്ളൂ.
ഇക്കാര്യം കർശനമായി നടപ്പാക്കുമെന്നും നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുമതിലിന് അകത്തുള്ള നായ്ക്കളെ പിടികൂടി കുത്തിവെച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ചെയർപേഴ്സൻ ടി.കെ. ഗീത, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ലത ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ കെ.ആർ. ജൈത്രൻ, ഇ.ജെ. ഹിമേഷ്, വെറ്ററിനറി സർജന്മാരായ ഡോ. ഗിരീഷ്, ഡോ. ഇന്ദു എസ്. നമ്പൂതിരി എന്നിവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.