വടക്കാഞ്ചേരി കോടതി സമുച്ചയം: പ്ലാൻ തയാറാക്കാൻ തീരുമാനം
text_fieldsവടക്കാഞ്ചേരി: പുതിയതായി നിർമിക്കാനുദ്ദേശിക്കുന്ന കോടതി സമുച്ചയത്തിന്റെ പ്ലാൻ തയാറാക്കാൻ വടക്കാഞ്ചേരി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. കോടതി സമുച്ചയത്തിന്റെ പ്ലാൻ തയാറാക്കാൻ ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറിയ 63.6 സെന്റ് സ്ഥലത്താണ് പുതിയ കോടതി സമുച്ചയം ഉയരുന്നത്. സ്ഥലത്തിന്റെ സ്കെച്ച് തയാറാക്കി അതിർത്തികൾ നിർണയിക്കാൻ റവന്യൂ വകുപ്പിനും പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗത്തിനും നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർദേശം നൽകി.
തലപ്പിള്ളി താലൂക്ക് ഓഫിസ് കോംപ്ലക്സിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കോടതി കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥല പരിമിതിയും കണക്കിലെടുത്ത് കുറേക്കൂടി വിശാലവും ജനങ്ങൾക്ക് സൗകര്യ പ്രദവുമായ പുതിയ കോടതി സമുച്ചയം നിർമിക്കണമെന്ന വടക്കാഞ്ചേരിയുടെ ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. കോടതി സമുച്ചയ നിർമാണത്തിനായി സെൻട്രലി സ്പോൺസേർഡ് സ്കീം ഫോർ ദി ഡെവലപ്മെന്റ് ഓഫ് ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ആനുപാതികമായി സംസ്ഥാന സർക്കാർ വകയിരുത്തുന്ന ഫണ്ടും പ്രയോജനപ്പെടുത്തും.
വടക്കാഞ്ചേരിയിൽ അനുവദിച്ച പോക്സോ കോടതി നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കോടതി സമുച്ചയത്തിൽ ഈ പോക്സോ കോടതിക്കുള്ള സൗകര്യവും ഏർപ്പെടുത്തും. കൂടാതെ നിലവിലുള്ള മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, ഭാവിയിൽ തുടങ്ങാനുദ്ദേശിക്കുന്ന മറ്റ് കോടതികൾ എന്നിവക്കുള്ള സൗകര്യങ്ങളുമുണ്ടാകും. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പ്രതിമാസ അവലോകനത്തിനായുള്ള കോൺസ്റ്റിറ്റ്യൂവൻസി മോണിറ്ററിങ് ടീം (സി.എം.ടി) യോഗത്തിലാണ് കോടതി സമുച്ചയത്തിനായി ലഭിച്ച സ്ഥലത്തിന്റെ അതിർത്തി നിർണയിക്കാനും കോടതി സമുച്ചയത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനും എം.എൽ.എ നിർദേശം നൽകിയത്. യോഗത്തിൽ സി.എം.ടി നോഡൽ ഓഫിസറായ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ടി.കെ. സന്തോഷ് കുമാർ, നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ഹരീഷ്, ആർ.ബി.ഡി.സി.കെ എക്സിക്യൂട്ടീവ് എൻജിനീയർ സലീം, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം, കെ.ആർ.എഫ്.ബി, റവന്യൂ വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.