ദീപക്കാഴ്ചയിൽ വടക്കുന്നാഥൻ; വൻ ഭക്തജന തിരക്ക്
text_fieldsതൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ദീപാവലിനാളിൽ ദീപക്കാഴ്ചയൊരുക്കി ഭക്തർ. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഭക്തരുടെ വന്‍തിരക്കായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലും ചുറ്റമ്പലത്തിലുള്ള ചിരാതുകളിലും ഭക്തർ ദീപങ്ങള്‍ തെളിയിച്ചു. ക്ഷേത്രം മേൽശാന്തി ചേരുമുക്ക് ശ്രീരാജ് നമ്പൂതിരി ആദ്യ തിരി തെളിച്ചു.
ദീപങ്ങളുടെ ഉത്സവം ആഘോഷമാക്കാന്‍ ക്ഷേത്ര ഉപദേശക സമിതി വിപുലമായ ഒരുക്കം നടത്തിയിരുന്നു. 10,001 ദീപങ്ങൾ തെളിച്ചു. മധുര പലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിച്ചു.
ക്ഷേത്രത്തിനു പുറത്തും ചിരാതുകള്‍ ഒരുക്കിയിരുന്നു. ആല്‍ത്തറകളും ദീപപ്രഭയില്‍ മുങ്ങി. ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, ബോർഡ് അംഗം പ്രേം രാജ് ചൂണ്ടലാത്ത്, ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, അസി. കമീഷണർ സ്വപ്ന, ദേവസ്വം മാനേജർ സരിത, ഉപദേശക സമിതി പ്രസിഡൻറ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, മറ്റു സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച അവധി കൂടിയായതിനാൽ ക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.