കുടിവെള്ളം മുട്ടിയിട്ട് 22 നാൾ
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ ചേറ്റുവ ഉൾപ്പെടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് 22 ദിവസം പിന്നിട്ടു. ഏപ്രിൽ പത്തിനാണ് അവസാനമായി ഇവിടേക്ക് പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിയത്. കൊടിയ വേനലിൽ ജലം ലഭ്യമായിരുന്ന പലയിടങ്ങളിലും ഭൂമി വറ്റിവരണ്ട് ജലം ലഭ്യമാകാത്ത അവസ്ഥയാണ്. നോമ്പ് പെരുന്നാൾ, വിഷു, തെരഞ്ഞെടുപ്പ്, ചേറ്റുവ ചന്ദനക്കുടം തുടങ്ങിയ സുപ്രധാന സമയങ്ങളിൽ പ്രദേശത്തെ ജനങ്ങൾ കുടിവെള്ളം ലഭ്യമാകാതെ ദുരിതമനുഭവിക്കുകയാണ്.
ചേറ്റുവ, പടന്ന, ചിപ്പിമാട് മേഖലയിലാണ് ദുരിതാവസ്ഥ. കുടിക്കാനും ഭക്ഷണം പാകംചെയ്യാനും വസ്ത്രങ്ങൾ കഴുകാനും കുളിക്കാനും വെള്ളമില്ലാതെ ജനം വലയുകയാണ്. വാട്ടർ അതോറിറ്റിയുടെ വെള്ളം കിട്ടാതായതോടെ സ്വകാര്യ വെള്ള വിതരണക്കാർ വിതരണംചെയ്യുന്ന ശുദ്ധജലം അറുനൂറും എഴുനൂറും രൂപവരെ ചെലവിട്ട് വാങ്ങിയാണ് അത്യാവശ്യത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്.
കുടിവെള്ള വിഷയത്തിൽ എം.എൽ.എ, ത്രിതല പഞ്ചായത്ത് ഭരണസമിതികൾ, ജലവിഭവ വകുപ്പ് തുടങ്ങിയ അധികാരികൾ തുടരുന്ന നിസ്സംഗത അങ്ങേയറ്റം അപലപനീയമാണെന്ന് എങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആരോപിച്ചു. വിഷയത്തിന് അടിയന്തര പരിഹാരം കാണാൻ ജില്ല ഭരണകൂടമുൾപ്പെടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂരിലേക്കുള്ള പൈപ്പ് ലൈൻ തകർന്നു
മാള: കരിങ്ങോൾച്ചിറ-പുത്തൻചിറ പൊതുമരാമത്ത് റോഡിൽ രണ്ടിടത്തായി പൈപ്പ് തകർന്ന് കുടിവെള്ള വിതരണം നിലച്ചു. വൈന്തല പമ്പിങ് കേന്ദ്രത്തിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈൻ ആണ് തകർന്നത്. ഇതോടെ കൊടുങ്ങല്ലൂരിലേക്കുള്ള കുടിവെള്ളം വിതരണം മുടങ്ങി. രാത്രിയിലാണ് സംഭവം. നേരത്തേ ഇവിടെ പൈപ്പ് തകർന്ന് റോഡ് കട്ട വിരിച്ച് കെട്ടിയ ഭാഗം ഇതിനിടെ വീണ്ടും തകർത്തു. പുനർനിർമാണത്തിനിടയിൽ 50 മീറ്ററിനുള്ളിൽ മറ്റൊരിടത്ത് പൈപ്പ് തകർന്നിട്ടുണ്ട്.
റോഡിന് ഒരു വശം എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ച് വെള്ളം മോട്ടോർ ഉപയോഗിച്ച് ഒഴുക്കി വിട്ടു. വെള്ളം വറ്റിയാൽ മാത്രമാണ് പൈപ്പ് തകർച്ച ഒഴിവാക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.