അടച്ചിട്ട വീട്ടിൽ അറ്റകുറ്റപ്പണിക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്
text_fieldsവാടാനപ്പള്ളി: ചേറ്റുവയിൽ അടച്ചിട്ട വീട്ടിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഫ്രിഡ്ജിൽ ഗ്യാസ് നിറക്കുന്നതിനിടെ മിനി സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു.
വാടാനപ്പള്ളി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചു. ബുധനാഴ്ച രാവിലെ 10.30ഓടെ ചേറ്റുവ നാലുമൂല വൈലി ക്ഷേത്രത്തിനടുത്ത് നെടിയേടത്ത് അനൂപിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
സിലിണ്ടർ പൊട്ടി അടുക്കള ഭാഗത്ത് തീപടർന്നു. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.എസ്. ബിനുവും ഗുരുവായൂരിൽനിന്ന് അഗ്നിരക്ഷ സേനയും എത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. വീട്ടിൽ പണി നടക്കുന്നതിനാൽ ലിറ്റർ കണക്കിന് ടർപൈന്റനും പെയിന്റും അടുക്കളയിൽ വലിയ ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. ഇവ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
സ്ഥലത്തുണ്ടായിരുന്ന പതിനഞ്ചോളം തൊഴിലാളികൾ ചായ കുടിക്കാൻ പോയ നേരത്താണ് പൊട്ടിത്തെറിയുണ്ടയത്. വീട്ടുടമ അനൂപ് ദുബൈയിൽ ടൂറിസം കമ്പനി നടത്തുകയാണ്. അടുക്കള ഭാഗമുൾപ്പെടെ വുഡൻ പാനലുകളിൽ ഇൻറീരിയർ വർക്ക് ഉള്ളതാണ് തീ പെട്ടെന്ന് പടരാൻ കാരണമായത്.
ഇർഷാദ് കെ. ചേറ്റുവ, ദീപു വൈലിത്തറ, കെ.ആർ. പ്രനിൽ, ജിനീഷ്, ദീപക്ക്, കിരൺ, കെ.ആർ. രാജേഷ് എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.