ഈ മാഷ് വേറെ ലെവലാണ്...
text_fieldsവാടാനപ്പള്ളി: ഈ മാഷിന്റെ സിലബസിൽ പാഠപുസ്തക പഠനം മാത്രമല്ല. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, പുഴ സംരക്ഷിക്കാൻ കണ്ടൽ നടീൽ......അങ്ങനെ പല പല കാര്യങ്ങളുണ്ട് കെ.എൽ. മനോഹിത് എന്ന തളിക്കുളം ഗവ. എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഈ അധ്യാപകന്. അതുകൊണ്ടുതന്നെ സ്കൂളിന് പുറത്ത് നാട്ടിലും മാഷൊരു മാഷാണ്.
ഫിസിക്കൽ സയൻസാണ് വിഷയം. സ്കൂൾ പരിസ്ഥിതി ക്ലബ്, സയൻസ് ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ കോ ഓഡിനേറ്ററാണ്. പ്ലാസ്റ്റിക് മാലിന്യം കടലിൽ കുമിഞ്ഞതോടെ കുട്ട്യോളേം ചേർത്ത് മാഷ് കടലോര ശുചീകരണം പതിവാക്കി. സ്കൂൾ വളപ്പിൽ തൈകൾ നട്ടുപിടിപ്പിക്കുന്നത് ഹോബിയാണ്. 12 വർഷമായി വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കബ്, ബുൾ-ബുൾ പരിശീലന പരിപാടികളും ക്യാമ്പുകളും നടത്താൻ നേതൃത്വം നൽകുന്നു. സ്കൗട്സ് ആൻഡ് ഗൈഡ്സ് വലപ്പാട് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയും അധ്യാപക സംഘടന കെ.പി.എസ്.ടി.എയുടെ വലപ്പാട് ഉപജില്ല പ്രസിഡന്റുമാണ്. എൻ.സി.സി, എസ്.പി.സി, ഉപജില്ലയിലെ വിവിധ സ്കൂളുകളിലും വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും കുട്ടികൾക്കും ജീവനക്കാർക്കും യോഗ പരിശീലനം എന്നിവയിലും മാഷുണ്ട്.
വാടാനപ്പള്ളി ഗവ. ഫിഷറീസ് യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടന കോ ഓഡിനേറ്ററും അവിടത്തെ പൂർവാധ്യാപകനുമായ മനോഹിത് വിദ്യാലയത്തിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ 2010ലെ വലപ്പാട് ഉപജില്ലയിലെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള പുരസ്കാരം നേടിക്കൊടുക്കുന്നതിൽ ചാലകശക്തിയായി. 2009, 2011, 2012 വർഷങ്ങളിൽ മികച്ച ശുചീകരണ പ്രവർത്തനത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം സ്കൂളിന് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന് അതേ വർഷം മികച്ച അധ്യാപക കോ ഓഡിനേറ്റർക്കുള്ള പുരസ്കാരം ലഭിച്ചു.
2016 നവംബറിൽ സ്ഥാനക്കയറ്റം ലഭിച്ച് കടവല്ലൂർ ഗവ. ഹൈസ്കൂളിലെത്തിയ വർഷം അവിടെ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു. കടവല്ലൂർ പഞ്ചായത്തിലെ മികച്ച കർഷക വിദ്യാർഥി പുരസ്കാരം ലഭിക്കാൻ സ്കൂളിനെ പ്രാപ്തമാക്കി. 2018ൽ നെഹ്റു യുവജന കേന്ദ്രയുടെ ജില്ലയിലെ ക്ലബ് അസോസിയേഷന്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ മികച്ച അധ്യാപകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019ൽ വലപ്പാട് ഗവ. ഹൈസ്കൂളിലേക്ക് മാറിയപ്പോഴും സജീവമായിരുന്നു. സംസ്ഥാന സ്കൂൾ തോട്ടം മത്സരത്തിൽ വലപ്പാട് സ്കൂൾ ഒന്നാം സ്ഥാനം നേടി. പരിസ്ഥിതി പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തിനും അർഹമായി. ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ ലോങ് സർവിസ് അവാർഡ് ലഭിച്ചിട്ടുണ്ട്. 2021ലാണ് തളിക്കുളം ഗവ. ഹൈസ്കൂളിൽ എത്തിയത്. ദേശീയ ഹരിത സേനയുടെ സ്കൂൾ കോ ഓഡിനേറ്ററുമാണ് മനോഹിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.