ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയെ മർദിച്ചതായി പരാതി
text_fieldsവാടാനപ്പള്ളി: തൊഴിൽ തർക്കത്തെ തുടർന്ന് ചേറ്റുവ ഹാർബറിൽ മത്സ്യവിതരണ തൊഴിലാളിയെ മർദിച്ചതായി പരാതി. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീമിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകിട മത്സ്യവിതരണ തൊഴിലാളികളും ഹാർബറിലെ യൂനിയൻ തൊഴിലാളികളും തമ്മിൽ തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്.
തൊഴിൽകൂലി വർധിപ്പിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. ചാവക്കാട് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യകാലങ്ങളിൽ ഈടാക്കിയിരുന്ന നിരക്ക് തന്നെ താൽക്കാലികമായി തുടരാൻ ചർച്ചയിൽ തീരുമാനമായി കരാറിൽ ഒപ്പിട്ടിരുന്നു. ഇതുസംബന്ധിച്ച് നവംബർ 23ന് കുന്നംകുളം ലേബർ ഓഫിസിൽ നടക്കുന്ന പുനർചർച്ചയിൽ തീരുമാനമെടുക്കാമെന്ന് ലേബർ ഓഫിസർ അറിയിച്ചിരുന്നു. എന്നാൽ മീനെടുക്കാൻ വന്ന സലീമിനെ മർദിച്ചതായാണ് പറയുന്നത്. ഇത് സംബന്ധിച്ച് ചെറുകിട മത്സ്യവിതരണ തൊഴിലാളികൾ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രശ്നത്തിൽ ഉന്നതാധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് മത്സ്യ വിതരണതൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ല കലക്ടർക്കും പൊലീസ് മേധാവികൾക്കും ഫിഷറീസ് മന്ത്രി, ഹാർബർ വകുപ്പ് അധികൃതർ എന്നിവർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.