മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
text_fieldsവാടാനപ്പള്ളി: മുട്ടുകായൽ ബണ്ട് കെട്ടാത്തതിനാൽ കനോലി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി നടുവിൽക്കര വടക്കുമുറി മേഖലയിലെ കൃഷി നശിക്കുന്നു. വേലിയേറ്റത്തിൽ ഉപ്പുവെള്ളം ബണ്ടു വഴി ഒഴുകുന്നതോടെ പറമ്പുകളും കൃഷിയിടവും നിറയും.
തോടുകളും കവിഞ്ഞ് വെള്ളം വീടുകളുടെ മുറ്റത്ത് വരെ എത്തി. വിളകൾ കരിഞ്ഞുണങ്ങുകയാണ്. തെങ്ങുകൾക്കും നാശമാണ്. കുടിവെള്ള സ്രോതസ്സിനെയും ഇത് ബാധിക്കുന്നുണ്ട്. ഒരിക്കൽ ഉപ്പുവെള്ളം കയറിയാൽ അഞ്ച് വർഷത്തിലധികം കാലം തെങ്ങുകളെയും കിണറുകളെയും പ്രതികൂലമായി ബാധിക്കും.
മഴ മാറിയതോടെ പുഴയിൽ ഉപ്പുവെള്ളമാണ്. പഞ്ചായത്ത് ഇടപെട്ട് നിശ്ചിത സമയത്ത് ബണ്ട് കെട്ടാതിരുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തൊട്ടടുത്ത ചേലോട്, മണപ്പാട് ബണ്ട് ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഇടപെട്ട് കഴിഞ്ഞ ദിവസം കെട്ടി സംരക്ഷിച്ചപ്പോൾ മുട്ടു കായൽ ബണ്ട് കെട്ടുന്നതിൽ വാടാനപ്പള്ളി പഞ്ചായത്ത് അനാസ്ഥയാണ് കാണിച്ചതെന്നാണ് ആരോപണം.
റെഗുലർ ഷട്ടർ നിർമാണത്തിന്റെ ഉദ്ഘാടനം ഏതാനും മാസം മുമ്പ് കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും പണി ഇനിയും ആരംഭിച്ചില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ബണ്ട് എത്രയും പെട്ടെന്ന് അടച്ചില്ലെങ്കിൽ ഉപ്പുവെള്ളം കയറി കനത്ത നാശം ഉണ്ടാകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.