എങ്ങുമെത്താതെ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാത വികസനം
text_fieldsവാടാനപ്പള്ളി: വീതി കുറഞ്ഞ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയുടെ വികസനം എങ്ങുമെത്തിയില്ല. ഗതാഗതക്കുരുക്കിൽ വലയുകയാണ് യാത്രക്കാർ. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ഏഴുവർഷം മുമ്പ് ഒളരിയിൽ കൊട്ടിയാഘോഷിച്ച് നടത്തിയെങ്കിലും വികസനം നടന്നില്ല. വീതികൂട്ടി വികസിപ്പിക്കാൻ 23 വർഷം മുമ്പേ മുറവിളി ആരംഭിച്ചിരുന്നു. പിന്നീട് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ സംഘടിച്ച് റോഡ് വികസനം ലക്ഷ്യമാക്കി ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു.
ഡി.സി.സി പ്രസിഡന്റും നിലവിലെ എം.എൽ.എയും ഉൾപ്പെട്ട ആക്ഷൻ കൗൺസിൽ രാഷ്ട്രീയം നോക്കാതെ സമരമുഖത്തുനിന്ന് ധർണയും മനുഷ്യച്ചങ്ങലയും സൃഷ്ടിച്ചിരുന്നു. കാഞ്ഞാണിയിലായിരുന്നു സമരങ്ങൾ അരങ്ങേറിയത്. പി.എ. മാധവൻ എം.എൽ.എയായിരുന്നപ്പോൾ റോഡ് വികസനത്തിന് സർക്കാർ അനുമതി ലഭിച്ചെന്നറിയിച്ച് വാടാനപ്പള്ളിയിൽ വാർത്തസമ്മേളനം നടത്തിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പാണ് റോഡിന്റെ വികസനം പറഞ്ഞ് നിർമാേണാദ്ഘാടനം നടത്തിയത്. പിന്നീട് ഭരണം മാറി. ഏഴ് വർഷം കഴിഞ്ഞിട്ടും റോഡ് വീതികൂട്ടിയുള്ള വികസനം നടപ്പായില്ല. അരിമ്പൂർ മുതൽ വാടാനപ്പള്ളി വരെ റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്.
തിരക്കുസമയത്ത് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെടുന്നതോടെ യാത്രക്കാർ ബുദ്ധിമുട്ടിലാകുകയാണ്. വൈകീട്ട് കുരുക്കഴിഞ്ഞാൽ പിന്നെ ബസുകളുടെ മരണപ്പാച്ചിലുമാണ്. റോഡ് വികസനത്തിന് സമരങ്ങൾക്ക് നേതൃത്വം നൽകിയ ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനം ഇപ്പോൾ നിശ്ചലമാണ്. ഭാരവാഹികൾ എം.എൽ.എ സ്ഥാനത്തും പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും എത്തിയതോടെ റോഡ് വികസന ചിന്തയും ഇല്ലാതായി. നേതാക്കൾ പിൻവലിഞ്ഞതോടെ റോഡ് വികസനത്തിന് ഒരുനടപടിയും ഇല്ല. റോഡ് വീതികൂട്ടാനുള്ള സമരത്തിന് നാട്ടുകാർ രംഗത്തിറങ്ങേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.