ഏങ്ങണ്ടിയൂരിലും തളിക്കുളത്തും കുടിവെള്ളമില്ലാതെ ജനം വലയുന്നു
text_fieldsവാടാനപ്പള്ളി: കൊടും ചൂടിൽ ഏങ്ങണ്ടിയൂരും തളിക്കുളം തീരദേശ മേഖലയിലും കുടിവെള്ളം കിട്ടാതെ ജനം വലയുന്നു. നാട്ടിക ഫർക്കാ ശുദ്ധജല പദ്ധതിയുടെ കീഴിലെ പഞ്ചായത്തുകളിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജലവിതരണം നടക്കുന്നത്. പൈപ്പുകൾ കാലപ്പഴക്കം മൂലം മണ്ണിനടിയിൽ കിടന്ന് ദ്രവിച്ച് പൊട്ടിയതിനാൽ പലയിടങ്ങളിലും വർഷങ്ങളായി കുടിവെള്ളം ലഭ്യമല്ല. പൈപ്പുകൾക്ക് നിരന്തരം കേടുപാട് സംഭവിക്കുന്നതിനാൽ പല സ്ഥലങ്ങളിലും പമ്പിങ് നടക്കുമ്പോൾ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നുമുണ്ട്. ഇതിനുപുറമെയാണ് ദേശീയ പാതയുടെ പണി മൂലവും കാന നിർമാണം മൂലവും പൈപ്പുകൾ പൊട്ടുന്നത്. ഇതോടെ കുടിവെള്ളവിതരണം പൂർണമായും നിലച്ച മട്ടാണ്.
കടലോര-പുഴയോര പ്രദേശമായ ഇടശ്ശേരി ബീച്ച്, തളിക്കുളം ബീച്ച്, തമ്പാൻകടവ് , ചേർക്കര, ഏങ്ങണ്ടിയൂർ പടന്ന ചിപ്ലിമാട്, പൊക്കുളങ്ങര ബീച്ച്, ചേറ്റുവ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണറുകൾ ഏറെയും വറ്റിവരണ്ടു. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ളമാണ്. അതിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ പൈപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ടാപ്പുകളിൽ വെള്ളം വരാത്തത് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മുമ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ലോറികളിൽ വെള്ളം എത്തിച്ചിരുന്നു. ഇപ്പോൾ പല പഞ്ചായത്തുകളിലും വിതരണം നടത്താൻ തയാറല്ല. വെള്ളം ഇല്ലാത്തതിനാൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അലക്കാനും കുളിക്കാനും പറ്റാത്ത അവസ്ഥയാണ്. പലരും പണം മുടക്കിയാണ് ടാങ്ക് വെള്ളം കൊണ്ടുവരുന്നത്. ഒരു ടാങ്കിന് 600 രൂപയാണ് വില. അത് രണ്ട് ദിവസം കൊണ്ട് കഴിയും. പാവപ്പെട്ട കുടുംബങ്ങൾക്ക് പണം മുടക്കി വെള്ളം കൊണ്ടുവരാൻ നിർവാഹമില്ല. ഇവർ അകലെ നിന്ന് വെള്ളം ശേഖരിച്ച് കൊണ്ടുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.