'ജീവൻ ജീവെൻറ ജീവൻ' 14ാം വർഷത്തിലേക്ക്; ആട്ടിൻകുട്ടികളെ വിതരണം ചെയ്തു
text_fieldsവാടാനപ്പള്ളി: തൃത്തല്ലൂർ യു.പി സ്കൂളിലെ 'ജീവൻ ജീവന്റെ ജീവൻ' പദ്ധതി 14ാം വർഷത്തിലേക്ക്. ഇതിെൻറ ഭാഗമായി സ്കൂളിൽ സദ്യയൊരുക്കി. ആട്ടിൻകുട്ടികളെ വിതരണം ചെയ്തു. വിദ്യാർഥികളിൽ സഹജീവി സ്നേഹം വളർത്താനാണ് പദ്ധതി ആവിഷ്കരിച്ചത്.
ടി.എൻ. പ്രതാപൻ നാട്ടിക എം.എൽ.എ ആയിരുന്ന കാലത്ത് അദ്ദേഹത്തിെൻറ ആശയം സഹപാഠികളായിരുന്ന ഇപ്പോഴത്തെ സീനിയർ വെറ്ററിനറി ഡോക്ടർ പി.ഡി. സുരേഷും കെ.എസ. ദീപനും ചേർന്ന് നടപ്പാക്കുകയായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പദ്ധതിയെ കേരള മോഡൽ ആയി വിശേഷിപ്പിച്ചു.
'മണിക്കുട്ടി' എന്ന ആടിനെയാണ് ആദ്യം വളർത്തിയത്. സ്കൂളിലെ ഔഷധത്തോട്ടത്തിൽ പാർപ്പിച്ച മണിക്കുട്ടിക്ക് കുട്ടികൾ ബാഗിൽ കൊണ്ടുവരുന്ന ഒരുപിടി പുല്ലും പത്ത് പ്ലാവിലയും നൽകി. ഇപ്പോൾ മണിക്കുട്ടിയുടെ പത്താം തലമുറയിൽപെട്ട ആട്ടിൻകുട്ടികളെയാണ് വിതരണം ചെയ്തത്. മണിക്കുട്ടിയുടെ ഒമ്പതാം തലമുറക്കാരായ നന്നുവിെൻറയും ചിന്നുവിെൻറയും മക്കളായ മിന്നുവിനെയും പൊന്നുവിനെയുമാണ് വളർത്തി വലുതാക്കിയ എം.കെ. മുഹമ്മദ് സിനാനും അമൽ രതീഷും സ്കൂൾ ഗോട്ട് ക്ലബിലേക്ക് കൈമാറിയത്.
ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്ത് ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ ഇതുവരെ 50 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തിട്ടുണ്ട്. ഓരോ തലമുറയിലെയും ആട്ടിൻ കുട്ടികളെ തെരഞ്ഞെടുക്കുന്ന ഗോട്ട് ക്ലബ് അംഗങ്ങൾക്കാണ് നൽകുക. ആദ്യ പ്രസവത്തിലെ കുട്ടികളെ സ്കൂളിലേക്ക് നൽകണം. ഇവയെ ഗോട്ട് ക്ലബിലെ സഹപാഠികൾക്ക് നൽകും. അഞ്ചാം ക്ലാസ് വിദ്യാർഥി എ.എൻ. ആദിൽ മുബാറക്കിനും ആറാം ക്ലാസിലെ പി.എസ്. ഫാത്തിമക്കുമാണ് ഇത്തവണ ആടിനെ കിട്ടിയത്. ടി.എൻ. പ്രതാപൻ എം.പി വിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. കെ.എസ്. ദീപൻ, പ്രധാനാധ്യാപിക സി.പി. ഷീജ, ഉഷാകുമാരി, സി.എം. നൗഷാദ്, വി.പി. ലത, എ.ബി. ബേബി, അജിത് പ്രേം, കെ.ജി. റാണി, എൻ.എസ്. നിഷ, പി.കെ. ഷീബ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.