ഒറ്റപ്പെടലിന് വിട, താജുദ്ദീന് ഇനി ഫർസാന തണലാകും
text_fieldsവാടാനപ്പള്ളി: വാടാനപ്പള്ളി ഓർഫനേജിലെ അന്തേവാസി താജുദ്ദീന് ഇനി ഫർസാന തണലാകും. കാളമുറി സ്വദേശി മുഹമ്മദ് ബാബുവിെൻറ മകളാണ് ഫർസാന. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താജുദ്ദീൻ ഓർഫനേജിൽ എത്തിയത്. അതിന് മുമ്പ് വീട് പോലും ഇല്ലാതെ ഉമ്മക്കൊപ്പമായിരുന്നു താമസം. സഹോദരി ഉണ്ടായിരുന്നെങ്കിലും അവരെപ്പറ്റി ഇപ്പോൾ അറിവില്ല.
ഓർഫനേജിൽ എത്തി കുറച്ച് കാലത്തിനുശേഷമാണ് ഉമ്മ മരിച്ചതറിഞ്ഞത്. ഇവരുടെ മരണത്തോടെ ഒറ്റപ്പെട്ട താജുദ്ദീന് പിന്നെ എല്ലാം ഓർഫനേജ് ആയിരുന്നു. ഇവിടെ താമസിച്ചാണ് പ്ലസ് ടു വരെ പഠനം പൂർത്തിയാക്കിയത്. പിന്നീട് പത്തിരിപ്പാല മൗണ്ട് സീനയിൽ ഐ.ടി.സി പഠനം പൂർത്തിയാക്കി. കുറച്ച് കാലം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. പിന്നീട് ഓർഫനേജ് മുൻകൈയെടുത്ത് ഖത്തറിലുള്ള പൂർവ വിദ്യാർഥികളുടെ സഹായത്തോടെ വിദേശത്ത് ജോലിക്ക് പോയി. ഇപ്പോൾ ഖത്തറിലാണ് ജോലി.
അവധിക്ക് വന്ന താജുദ്ദീന് മൂത്ത മകൾ ഫർസാനയെ വിവാഹം ചെയ്തു കൊടുക്കാൻ മുഹമ്മദ് ബാബു സന്നദ്ധനാവുകയായിരുന്നു. വധുവിെൻറ വീട്ടിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന നിക്കാഹിന് ശംസുദ്ദീൻ നദ്വി കാർമികത്വം വഹിച്ചു. ഓർഫനേജ് ഭാരവാഹികളും പങ്കെടുത്തു. ഓർഫനേജിലെ 79ാമത്തെ വിവാഹമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.