ശിവ...ശിവ... എന്തൊരോർമ!
text_fieldsവാടാനപ്പള്ളി: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ രണ്ടു തവണ ഇടം നേടിയ മിടുക്കനുണ്ട് എടത്തിരുത്തി പഞ്ചായത്തിൽ. നാലുവയസ്സുള്ള ഈ മിടുക്കെൻറ പേരാണ് ശിവ കാരയിൽ. ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ഇവെൻറ നേട്ടം. മുതിർന്നവർക്കു പോലും ഓർത്തെടുത്തു പറയാൻ പ്രയാസകരമായ പല കാര്യങ്ങളും നിമിഷനേരം കൊണ്ട് പറയാൻ ശിവക്ക് സാധിക്കും.
രാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ് രാജ്യത്തിെൻറ പേര് പറയും. ഏഷ്യൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും അതുപോലെ തിരിച്ചും പുഷ്പംപോലെ അവനറിയാം. പീരിയഡിക് ടേബ്ളിലെ എല്ലാ മൂലകങ്ങളുടെയും പേരുകൾ (118), ഒന്നുമുതൽ 12 വരെയുള്ള സംഖ്യകളുടെ ഗുണനപ്പട്ടിക, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും പേരുകളും, തലസ്ഥാനങ്ങളും അതുപോലെ അവിടത്തെ ഭാഷ ഏതാണെന്നും ഈ കൊച്ചുമിടുക്കാനറിയാം. ഇതുകൂടാതെ ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെയും പേരുകളും അനായാസം പറയും.
63 വിപരീതപദങ്ങൾ, 54 ആത്മകഥകളുടെ രചയിതാക്കളുടെ പേരുകൾ, പ്രശസ്തമായ 50 കണ്ടുപിടിത്തങ്ങൾ, നൂറിലധികം കാറുകളുടെ ലോഗോ തിരിച്ചറിഞ്ഞ് കാറിെൻറ പേര് പറയാൻ അവനറിയാം. ലോകത്തിലെ എല്ലാ വൻകരകളുടെയും മഹാസമുദ്രങ്ങളുടെയും ഗ്രഹങ്ങളുടെയും പേരുകൾ പറയാൻ എന്തെളുപ്പം. കേരളത്തിലെ 14 ജില്ലകളുടെ പേരുകൾ, മലയാള മാസങ്ങളും ഇംഗ്ലീഷ് മാസങ്ങളും ഈ ചെറിയ പ്രായത്തിൽ ഹൃദിസ്ഥമാണ്.
രാജ്യങ്ങളുടെ പേരുകളും കൊടികളും പഠിക്കാൻ വളരെ ചെറിയ പ്രായത്തിൽതന്നെ താൽപര്യം കാണിച്ചപ്പോൾ അച്ഛൻ ഷൈബു കാരയിൽ ട്രെയിനിങ് കൊടുക്കുകയായിരുന്നു. പ്രോത്സാഹനമായി അമ്മയും അധ്യാപികയുമായ ശരണ്യയും ഉണ്ടായിരുന്നു. ഇപ്പോൾ shiva karayil എന്ന യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്. വലപ്പാട് കാർമൽ സെൻട്രൽ സ്കൂൾ എൽ.കെ.ജി വിദ്യാർഥിയായ ശിവയെ സ്കൂൾ അധികൃതർ ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.