വാടാനപ്പള്ളിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ അർധരാത്രി ആക്രമണം
text_fieldsവാടാനപ്പള്ളി: തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വാടാനപ്പള്ളിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ അർധരാത്രി ആക്രമണം. വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ കെ.വി. സിജിത്തിന്റെ ബീച്ചിലെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ചെ 2.10 ഓടെ സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്.
വൈദ്യുതിബന്ധം വേർപ്പെടുത്തിയ അക്രമികൾ നാലോളം ജനൽ ചില്ലുകളും മറ്റും അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദം കേട്ട് സിജിത്തും ഭാര്യ അഡ്വ. രശ്മിയും മകൾ ദേവനന്ദയും എഴുന്നേറ്റ് ബഹളം വെച്ചതോടെ അക്രമികൾ കിഴക്ക് ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല. രാവിലെ വീട്ടുപരിസരത്ത് കാൽപ്പാടുകൾ കണ്ടിരുന്നതായും സിജിത്ത് പറഞ്ഞു. ഇവർ ഉറങ്ങിയിരുന്ന റൂമിലെ ജനൽ ചില്ലുകൾക്ക് കേടുപാടില്ല. അതിനാൽ അപകടമൊന്നുമുണ്ടായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് മണ്ഡലം കമ്മറ്റി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഡി.സി.സി സെക്രട്ടറി സി.എം. നൗഷാദ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ദീപൻ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് എം.എ. മുസ്തഫ, ഇ.ബി. ഉണ്ണികൃഷ്ണൻ, എ.കെ. നൂറുദ്ദീൻ, സി.എം. രഘുനാഥ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.