ദേശീയപാത വികസനം: പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളം കിട്ടാതെ ഏങ്ങണ്ടിയൂർ തീരവാസികൾ
text_fieldsവാടാനപ്പള്ളി: ദേശീയപാത വികസന ഭാഗമായി കുടിവെള്ള പൈപ്പുകൾപൊട്ടി വെള്ളം പാഴാകുന്നതിനാൽ മാസങ്ങളായി ശുദ്ധജലം കിട്ടാതെ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് തീരദേശവാസികൾ. ഏത്തായി പടിഞ്ഞാറ് സരസ്വതി വിദ്യാനികേതൻ, ചേറ്റുവ പടന്ന തീരദേശമേഖല ഉൾപ്പെടെയുള്ള പരിസരങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളായി.
ദേശീയപാത നിർമാണം നടക്കുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ പലസ്ഥലങ്ങളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ തകർന്ന നിലയിലാണ്. ഇതുമൂലം ഏങ്ങണ്ടിയൂരിലെ പലപ്രദേശങ്ങളിലുംഅതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ബുധനാഴ്ച പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊലിച്ചാണ് റോഡിലൂടെ ഒഴുകിയത്.
ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി. യാതൊരുവിധ ദാക്ഷണ്യവും കൂടാതെയാണ് ആയിരക്കണക്കിന് കുടുബങ്ങൾക്ക് കുടിക്കാനുള്ള ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടർഅതോറിറ്റിയുടെ പൈപ്പുകൾ മാന്തി പുറത്തിടുന്നത്. നിരന്തരം ദേശീയപാത വികസന ഭാഗമായി ഏങ്ങണ്ടിയൂരിലെ കുടിവെള്ളം തടസ്സപ്പെടുന്നത് ചൂണ്ടിക്കാണിച്ച് ലത്തീഫ് കെട്ടുമ്മൽ ജില്ല കലക്ടർക്കും ദേശീയപാത കരാർ കമ്പനിക്കും പരാതികൾ നൽകിയിരുന്നു. എന്നാൽ ശാശ്വത പരിഹാരം ഉണ്ടായില്ല.
വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് കുടിവെള്ളം എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ടങ്കിലും ഇതുവരെ ഫലവത്തായിട്ടില്ല.
പ്രവൃത്തികളുടെ ഭാഗമായി കരാർ കമ്പനി കേടുപാടുകൾ വരുത്തിയ പൈപ്പുകൾ വാട്ടർ അതോറിറ്റി നന്നാക്കി പമ്പിങ് തുടങ്ങും മുമ്പ് അന്ന് രാത്രി മറ്റൊരു ഭാഗത്ത് വീണ്ടും പ്രവൃത്തി നടക്കുമ്പോൾ അശ്രദ്ധമൂലം കുടിവെള്ള പൈപ്പുകൾ തകരും. ഇങ്ങനെയാണ് ഈ പരിസരങ്ങളിൽ കുടിവെള്ളം തടസ്സപ്പെടുന്നത്.
ഏങ്ങണ്ടിയൂരിലേക്കുള്ള ശുദ്ധജലവിതരണ പൈപ്പുകൾ ഭൂരിഭാഗവും പോകുന്നത് ദേശീയപാതയോരത്ത് കൂടിയാണ്. ആയതിനാൽ പൈപ്പുകൾക്ക് കേടുപാട് സംഭവിച്ചാൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും.
വികസന പ്രവർത്തന ഭാഗമായി പലവിധ ബുദ്ധിമുട്ടും പൊതുജനത്തിന് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. താൽക്കാലികമായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പരിധിയിൽ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്ന പ്രവൃത്തി നിർത്തിവെച്ച് കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും കുടിവെള്ളം ലഭ്യമാക്കണമെന്നും ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.