രാത്രികാല മത്സ്യബന്ധനം; മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsവാടാനപ്പള്ളി: നിരോധിത വലകൾ ഉപയോഗിച്ചുള്ള അനധികൃത രാത്രികാല മത്സ്യബന്ധനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് കൈപ്പമംഗലം-മുതൽ ചേറ്റുവ വരെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ചേറ്റുവ ഹാർബറിലെ പഴകിയ മത്സ്യവിൽപന നിർത്തലാക്കുക, രജിസ്ട്രേഷനും ലൈസൻസും മറ്റു രേഖകളുമില്ലാത്ത തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങളെ ചേറ്റുവ ഹാർബറിൽനിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളികൾ തിങ്കളാഴ്ച ചേറ്റുവ ഹാർബറിന് സമീപം പ്രതിഷേധിച്ചു.
ഏച്ചംവല, ചൂണ്ട, ഒഴുക്കുപണി തുടങ്ങിയ രീതികൾ ഉപയോഗിച്ചുള്ള രാത്രികാല മത്സ്യബന്ധനം മൂലം തീരക്കടലിൽ മത്സ്യസമ്പത്ത് ഇല്ലാതാവുകയാണ്. കടലിന്റെ സ്വാഭാവിക ഘടനക്ക് വിരുദ്ധമായുള്ള ഇത്തരം രീതികൾ മൂലം എൻജിനും വലയും മറ്റും കേടുവരുന്നുണ്ട്. പലപ്പോഴും തൊഴിലില്ലാത്ത അവസ്ഥയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു.
സർക്കാർ സംവിധാനങ്ങൾ ഈ കടൽക്കൊള്ളക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
മത്സ്യം തേടി ആഴക്കടലിൽ പോകേണ്ട ഗതികേടാണ്. വലിയ തുക ചെലവാക്കി പണിക്കിറങ്ങിയാലും ഒന്നും കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണ് പലപ്പോഴും. ചേറ്റുവ ഹാർബറിലെ തരകന്മാർ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി ബന്ധമില്ലാത്തവരാണെന്നും അവർ പണം മാത്രം നോക്കുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും ഇവർ ആരോപിച്ചു. നിരവധി തവണ വിഷയം ചർച്ച ചെയ്തിട്ടും അശാസ്ത്രീയ മത്സ്യബന്ധനത്തിന് തടയിടാൻ കഴിഞ്ഞിട്ടില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ പ്രശ്നം വഷളാകുമെന്നും സമര രീതികൾ മാറുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.