ബണ്ടുകൾ കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ളവും നശിക്കുന്നു
text_fieldsവാടാനപ്പള്ളി: ബണ്ടുകൾ യഥാസമയം കെട്ടാത്തതിനാൽ കനോലി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി മണപ്പാട്, ചേലോട്, മേഖലയിൽ കൃഷിയും ശുദ്ധജല സ്രോതസ്സുകളും നശിക്കുന്നു. മഴ മാറിയതോടെ കനോലി പുഴയിൽ ഉപ്പുവെള്ളം കയറി.
മുട്ടുകയാൽ, മണപ്പാട്-ചേലോട് ബണ്ടുകൾ വഴിയാണ് തോടുകളിലൂടെ ഒഴുകിയെത്തുന്നത്. ഇതു മൂലം കൃഷികൾ കരിഞ്ഞുണങ്ങുകയാണ്. ഉപ്പുവെള്ളം കയറുന്നത് പ്രദേശത്തെ കിണറുകളേയും ബാധിക്കും. ഒരിക്കൽ കിണറുകളിൽ ഉപ്പിന്റെ അംശം കലർന്നാൽ കൂടുതൽ കാലം കിണറുകളെ ബാധിക്കും.
നടുവിൽക്കര വടക്കുമുറി മേഖലയിലും വെള്ളമെത്തുന്നുണ്ട്. ഉപ്പുവെള്ളത്തിന്റെ കാഠിന്യം കൂടും മുമ്പ് അതിവേഗം ബണ്ട് അടക്കണമെന്നാവശ്യപ്പെട്ട് ചേലോട് റെസിഡൻസ് അസോസിയേഷൻ, ചേലോട് സംരക്ഷണസമിതി, കുടുംബശ്രീ, അയൽകൂട്ടം എന്നിവയുടെ സംയുക്ത യോഗം ചേർന്ന് കലക്ടർക്ക് നിവേദനം നൽകി.
ഏങ്ങണ്ടിയൂർ-വാടാനപ്പള്ളി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും നിസ്സംഗതയുമാണ് യഥാസമയം സ്ളൂയിസുകൾ കെട്ടാതെ ഉപ്പ് വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാകാൻ കാരണമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കാലപ്പഴക്കത്താൽ പലകകൾ ദ്രവിച്ചതുമൂലം വേലിയേറ്റതിൽ ഉപ്പു വെള്ളം കയറുന്നതിന് ശാശ്വത പരിഹാരത്തിനായി സ്റ്റീൽ റെഗുലേറ്ററുകൾ സ്ഥാപിക്കണമെന്ന് കലക്ടർക്ക് നൽകിയ നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടു. സംയുക്ത സമിതി ഭാരവാഹികളായ ഖാദർ ചേലോട്, സി.കെ. ജയതിലകൻ, കെ. ഭാസ്കരൻ നായർ, സുരേഷ് തച്ചപ്പുള്ളി, ബീന ഹരി, ഷൈജ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്ന് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.