ജൈവകൃഷിയിൽ വിസ്മയം തീർത്ത് സൈനുദ്ദീൻ
text_fieldsവാടാനപ്പള്ളി: അമ്പത് വർഷത്തെ പ്രവാസത്തിനുശേഷം സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്ത് ജൈവകൃഷിയിൽ വിസ്മയം തീർക്കുകയാണ് മജീഷ്യൻ കൂടിയായ വാടാനപ്പള്ളി പട്ടളങ്ങാടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ സൈനുദ്ദീൻ. വീട്ടിലേക്കാവശ്യമുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും സ്വന്തമായി അദ്ദേഹം വിളയിച്ചെടുക്കുന്നു. ആധുനിക കൃഷി രീതികളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയാണ് സ്ഥലപരിമിതിയെ മറികടക്കുന്നത്.
വെർട്ടിക്കൽ കൃഷിരീതിയും തുള്ളിനനയും, തിരിനനയും മണ്ണില്ലാ കൃഷിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. താൻ ആർജിച്ച കൃഷിയറിവുകൾ പകർന്നു നൽകാൻ ഏറെ ആവേശമാണ് സൈനുദ്ദീന്.പച്ചക്കറികൾക്ക് പുറമെ വിവിധ പഴവർഗങ്ങളും ഇദ്ദേഹം വിളയിച്ചെടുക്കുന്നുണ്ട്. എത്ര വിളവുണ്ടായാലും കൃഷി ചെയ്തുണ്ടാക്കുന്നതൊന്നും ഇദ്ദേഹം വിൽക്കാറില്ല, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമായി പങ്കിട്ടുകൊടുക്കുകയാണ് പതിവ്. മട്ടുപ്പാവിൽ കോവയ്ക്ക, പച്ചമുളക്, പയർ, കയ്പക്ക, തക്കാളി എന്നിവ സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നുണ്ട്.
വീട്ടുമുറ്റത്ത് പച്ചക്കറികൾക്ക് പുറമെ വിവിധയിനം പഴവർഗങ്ങളുമുണ്ട്. വാടാനപ്പള്ളി കൃഷി ഭവന്റെ അകമഴിഞ്ഞ സഹകരണം ഇദ്ദേഹത്തിനുണ്ട്. വാടാനപ്പള്ളി കൃഷി അസി. ഓഫിസർ ജ്യോതി ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പൂർണ പിന്തുണ നൽകുന്നതായി സൈനുദ്ദീൻ പറഞ്ഞു.
പേരക്കുട്ടികളായ സായിദ്, സയാൻ എന്നിവരാണ് കൃഷിപ്പണിക്ക് കൂട്ടായി സൈനുദ്ദീനൊപ്പമുള്ളത്. കർഷക സുഹൃത്തുക്കളായ പ്രസന്നൻ വൈക്കാട്ടിൽ, ആർ.കെ. സുബൈർ, അഷറഫ് എന്നിവർ കൃഷിയറിവുകൾ പങ്കുവെച്ച് ഇദ്ദേഹത്തൊടൊപ്പമുണ്ട്.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച ഹൈടെക് കർഷകനായി സൈനുദ്ദീനെ ഈ വർഷം തെരഞ്ഞെടുത്തിരുന്നു. ഗൾഫിൽ നിന്ന് തിരിച്ചുവന്നശേഷം മാജിക് പഠിച്ച ഇദ്ദേഹം നിരവധി വേദികളിൽ മാജിക് അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.