കൊച്ചുകുടിലിൽ ദുരിതങ്ങളിൽ തളർന്ന് ഒരു കുടുംബം
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ തീരദേശത്തെ മൂന്ന് സെൻറ് കൊച്ചുകുടിലിൽ ദുരിതങ്ങളിൽ തളർന്ന് ഒരു കുടുംബം കഴിയുന്നു.
വാക്കാട്ട് രവിയും കുടുംബവുമാണ് ദുർവിധിക്കു മുന്നിൽ പകച്ചു നിൽക്കുന്നത്. കാഴ്ചയും കേൾവിയുമില്ലാത്ത അവിവാഹിതകളായ രണ്ട് സഹോദരിമാരും കണ്ണുകാണാത്ത സഹോദരനും പ്രായമായ അമ്മയും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു രവി.
കഴിഞ്ഞ ജനുവരി 12ന് തലയിലെ ഞരമ്പുകൾ പൊട്ടി ഓർമ നഷ്ടപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രവി. ഈ ദരിദ്ര കുടുംബം കൈവശമുണ്ടായിരുന്ന പണമെല്ലാം രവിയുടെ ചികിത്സക്കായി ചെലവഴിച്ചു കഴിഞ്ഞു. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇതുവരെയുള്ള നാലര ലക്ഷം രൂപയോളം വരുന്ന ആശുപത്രി ബിൽ അടച്ചത്.
രവിക്ക് ലക്ഷത്തോളം രൂപ ചെലവു വരുന്ന മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമായി വന്നിരിക്കുകയാണ്. ഏതാണ്ട് 1.7 ലക്ഷം രൂപയോളം ആശുപത്രി ബില്ലുകളും അടക്കാനുണ്ടായിരുന്നു. രവിയുടെ ദുരിതപൂർണമായ ജീവിതം അറിഞ്ഞ മണപ്പുറത്തെ പ്രവാസി വ്യവസായി വലപ്പാട് സ്വദേശി മുഹമ്മദ് സ്വാലിഹ് ചികിത്സ ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായിട്ടുണ്ട്.
എങ്കിലും ഗൃഹനാഥൻ കിടപ്പിലായതോടെ പട്ടിണിയുടെ വക്കത്തായ കുടുംബം നിത്യച്ചെലവുകൾക്ക് പ്രയാസപ്പെടുകയാണ്. ഇതിനിടെ ഒരാഴ്ച മുമ്പ് രവിയുടെ അമ്മ മരിച്ചു. വീടിന് ചുറ്റും കനത്ത വെള്ളക്കെട്ടാണ്. സുരക്ഷിതമായൊരു വീടും ഈ കുടുംബത്തിെൻറ സ്വപ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.