ചേറ്റുവ പാലത്തിൽ വീണ്ടും കുഴികൾ
text_fieldsവാടാനപ്പള്ളി: ചേറ്റുവ പാലത്തിലെ കുഴികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിൽ പലതവണ കുഴിയടക്കൽ നടത്തിയിട്ടും വീണ്ടും ടാറിങ് തകരുകയാണ്. രണ്ടുദിവസം മുമ്പ് കുഴി അടച്ച ഭാഗങ്ങളിലാണ് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങളും മറ്റും കുഴിയിൽ പെടാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടസാധ്യത കൂടുതലാണ്.
കുഴികൾമൂലം പാലത്തിൽ പലതവണ അപകട മരണങ്ങൾ വരെ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തളിക്കുളം സ്വദേശിയായ നിയമവിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചിരുന്നു. പാലത്തിലെ നടപ്പാതയിലെ സ്ലാബ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു. സ്ലാബ് മാറ്റാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വിഷയത്തിൽ പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. മന്ത്രിയുടെ ‘റിങ് റോഡ്’ എന്ന ഫോൺ ഇൻ പരിപാടിയിലും ചേറ്റുവ പാലത്തിലെ അപകട കുഴികളും നടപ്പാതയിലെ സ്ലാബ് തകർച്ചയും ചൂണ്ടിക്കാട്ടി ലത്തീഫ് പരാതി പറഞ്ഞിരുന്നു. വേണ്ട നടപടി ഉടൻ സ്വീകരിക്കാൻ മന്ത്രി അപ്പോൾതന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പക്ഷേ, കാര്യക്ഷമമായ ഇടപെടലോ കൃത്യമായ കുഴിയടക്കലോ നടന്നില്ല.
വർഷത്തിൽ പലതവണയാണ് പാലത്തിൽ പേരിനു മാത്രം കുഴിയടക്കൽ നടത്തുന്നത്. ടൺകണക്കിന് ഭാരമുള്ള കണ്ടെയ്നർ ഉൾപ്പെടെ നൂറുകണക്കിന് വലിയ ചരക്കു വാഹനങ്ങൾ ദിനംപ്രതി പാലത്തിലൂടെ പോകുന്നുണ്ട്. ദേശീയപാത 66ൽ പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. ഇതുമൂലം വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവ് കാഴ്ചയാണ്.
ചേറ്റുവ പാലത്തിലെയും ചേറ്റുവ മുതൽ ചാവക്കാട് വരെ എൻ.എച്ച് 66ലെയും ടാറിങ്ങിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം ലത്തീഫ് കെട്ടുമ്മൽ തൃശൂർ വിജിലൻസ് ഓഫിസിൽ നേരിട്ട് ഹാജറായി മൊഴി നൽകിയിരുന്നു. പക്ഷേ, ഇതുവരെ അന്വേഷണ വിവരങ്ങളെപ്പറ്റി ഒരു അറിയിപ്പും കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.